ഇറാഖിലെ ഷിയ നേതാവ് മുഖ്തദ അൽ സദർ രാജിവെച്ച് പാർട്ടി പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ കലാപം അഴിച്ചുവിട്ട് അനുയായികൾ. കലാപത്തിൽ 23 പേർ കൊല്ലപ്പെട്ടു. കലാപത്തെ തുടർന്ന് ഇറാഖുമായുള്ള അതിർത്തി ഇറാൻ അടച്ചു. ഇറാഖിലേക്കുള്ള മുഴുവൻ വിമാനങ്ങളും റദ്ദാക്കി.
ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇറാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ കുവൈറ്റ് ആവശ്യപ്പെട്ടു. ദുബായിൽ നിന്ന് ബാഗ്ദാദിലേക്കുള്ള എമിറേറ്റ്സ് വിമാനവും റദ്ദാക്കി. കലാപം ശാന്തമായ ശേഷമെ സർവിസ് പുനരാരംഭിക്കുകയുള്ളുവെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.
ഇറാഖിലെ രാഷ്ട്രീയകാര്യത്തിൽ ഇനി ഇടപെടില്ലെന്ന് രണ്ട് മാസം മുമ്പ് മുഖ്തദ സദർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ രാഷ്ട്രീയം വിടുകയാണെന്നും പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടണമെന്നും വ്യക്തമാക്കി ഇന്നലെയാണ് സദർ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.