ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷന് അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു.
കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മുസഫര്‍ നഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന് അറിയിച്ചിട്ടുണ്ട്.
സംഭവത്തോടെ കുട്ടി മാനസികമായി തളര്‍ന്നുപോയെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ മറുന്നു പോയതിന്റെ പേരില്‍ കുടുംബത്തിലെ മറ്റൊരു കുട്ടിക്കും സമാനമായ സാഹചര്യം ഉണ്ടായെന്നും അവര്‍ പറഞ്ഞു.
മുസഫര്‍ നഗറിലെ ഒരു നവോദയ സ്കൂളിലാണ് സംഭവം. മുസ്ലിം വിദ്യാര്‍ത്ഥിയെ തല്ലാന്‍ ഹിന്ദു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയും അവര്‍ തല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധ്യാപികയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള് കുട്ടിയെ തല്ലുന്നത് ആസ്വദിക്കുന്ന തരത്തില്‍ പ്രതികരിക്കുന്ന ശബ്ദങ്ങളും കേള്‍ക്കാം. എന്തുകൊണ്ടാണ് ശക്തിയായി അടിക്കാത്തതെന്നും വിദ്യാര്‍ത്ഥികളോട് അധ്യാപിക ചോദിക്കുന്നത് കേള്‍ക്കാം.
സംഭവത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ച് രംഗത്തെത്തി. ബിജെപി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരന്തമാണ് ക്ലാസ് മുറിയില്‍ കണ്ടതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.