കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് പരിപാടിക്കിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഐസിയുവിൽ കാണാനെത്തിയ മക്കളോട് ഉമാ തോമസ് ഹാപ്പി ന്യൂഇയർ എന്ന് പറഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞു. അവ്യക്തമായിട്ടാണെങ്കിലും ഉമാ തോമസ് ന്യൂഇയർ ആശംസകൾ നേർന്നത് എംഎൽഎ ബോധം വീണ്ടെടുക്കുന്നതിൻ്റെ സൂചനയായിട്ടാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
എംഎൽഎയ്ക്ക് നൽകുന്ന വെൻ്റിലേറ്റർ സപ്പോർട്ടിൽ നിലവിൽ ഡോക്ടർമാർ കുറവ് വരുത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യനില കൂടുതൽ മെച്ചപ്പെടും വരെ വെൻ്റിലേറ്റർ പിന്തുണ തുടരും. എംഎൽഎ ശരീരം ചലിപ്പിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതും സംസാരിക്കാൻ ശ്രമിക്കുന്നതും അതിവേഗം ആരോഗ്യനില മെച്ചപ്പെടുന്നതിൻ്റെ ലക്ഷണങ്ങളായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എംഎൽഎയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് വിശദീകരിച്ച് കൊണ്ട് ഉമാ തോമസിൻ്റെ ഔദ്യോഗിക പേജിൽ അഡ്മിൻ ടീം ഇട്ട പോസ്റ്റിൽ ആളുകൾ വലിയ ആശ്വാസവും സന്തോഷവും രേഖപ്പെടുത്തി.
ഉമാ തോമസിൻ്റെ ശരീരത്തിൻ്റെ പലഭാഗത്തായി സാരമായ പരിക്കുള്ളതിനാലും തലയ്ക്ക് മാരകമായ മുറിവേറ്റതിനാലും സാധാരണ നിലയിലെത്താൻ സമയമെടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തീർത്തും പോസീറ്റിവായ സൂചനകളാണ് ചികിത്സയിൽ ലഭിക്കുന്നതെന്നും അപകടമുണ്ടാക്കിയ വീഴ്ചയുടെ കാര്യം ഉമ തോമസിന് ഓർമ്മയില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം, അപകടവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മൃദംഗവിഷൻ എംഡി അടക്കം അഞ്ച് പേരെ പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേർക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുൻകൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ, ഓസ്കാർ ഇവന്റ് ചുമതലക്കാരൻ ജിനേഷ് കുമാർ എന്നിവരോട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു.
നൃത്തപരിപാടിക്ക് വസ്ത്രങ്ങൾ നൽകിയ കല്ല്യാണ്‍ സിൽക്സ്, നർത്തകർക്ക് യാത്രാനിരക്കിൽ ഇളവ് നൽകിയ കൊച്ചി മെട്രോ എന്നിവരിൽ നിന്നും അന്വേഷണംസംഘം മൊഴിയെടുത്തേക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് വച്ച് നടത്തിയ പരിപാടിയുടെ ഓണ്‍ലൈൻ ബുക്കിംഗ് ഏകോപിപ്പിച്ച ബുക്ക് മൈ ഷോയോടും പൊലീസ് വിശദീകരണം തേടുന്നുണ്ട്.സംഭവത്തിൽ ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. നടൻ സിജോയ് വർഗീസിനെയും വിളിപ്പിക്കും.