12 ദിവസത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3 മണിക്കാണ് അദ്ദേഹവും കുടുംബവും തിരിച്ചെത്തിയത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്കു മടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നോര്‍വേയിലേക്ക് പുറപ്പെട്ടത് ഒക്ടോബര്‍ നാലിനാണ്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും വീണാ ജോര്‍ജും തിരികെയെത്തി. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മടങ്ങിയെത്തി.
ലണ്ടനിൽ നിന്നും 12ന് നാട്ടിലേക്ക് തിരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ വിദേശയാത്ര നീട്ടുകയായിരുന്നു. യുഎഇ സന്ദർശനം കൂടി നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇന്ന് തിരിച്ചെത്തിയത്. വിദേശയാത്ര സംബന്ധിച്ച് നിരവധി ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും.