ആലപ്പുഴ: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ജനുവരി എട്ടിനാണ് സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.ഭർത്താവ് സോണി പറഞ്ഞത് കോണിപ്പടിയിൽ നിന്നും വിണ് പരിക്കേറ്റതെന്നാണ്. ചികിത്സയിലായിരിക്കെ ഞായറാഴ്ച്ച സജി മരണപ്പെട്ടു.സ്വാഭാവിക മരണമായി കരുതി മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.എന്നാൽ ചൊവ്വാഴ്ച രാത്രിയിൽ മകൾ മീഷ്മ ചേർത്തല പോലീസിൽ അച്ഛനെതിരെ പരാതിയുമായെത്തി.പതിവായി അമ്മയെ ആക്രമിക്കുന്ന സോണി ജനുവരി എട്ടിനു രാത്രി തല ചുമരിലിടിപ്പിച്ചാണ് പരിക്കേൽപ്പിച്ചെന്നാണു മകളുടെ മൊഴി. മീഷ്മയെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ചയും ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസിൽ അറിയിച്ചത്.വിവരമറിഞ്ഞയുടൻ പോലീസ് മീഷ്മയ്ക്കു സംരക്ഷണം നൽകി സോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.സബ് കളക്ടർ സമീർ കിഷൻ, എ.എസ്.പി. ഹരീഷ് ജയിൻ, തഹസിൽദാർ കെ.ആർ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ കല്ലറ തുറന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി.
ഇൻസ്പെക്ടർ ജി. അരുൺ, എസ്.ഐ. എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.