ദുബായ്: പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം വ്യവസായി എം.എ യൂസഫലിക്ക് സമ്മാനിച്ചു. ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ‘റിഫ്ളക്ഷൻസ് ഓൺ സിഎച്ച്’ എന്ന അനുസ്മരണ പരിപാടിയിലാണ് പുരസ്കാരം കൈമാറിയത്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങൾ അടങ്ങിയ സി.എച്ച് ഫൗണ്ടേഷൻ്റെ പേരിൽ ആദ്യമായാണ് ഇങ്ങനെയൊരു പുരസ്കാരം നൽകുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും സിഎച്ച് ഫൗണ്ടേഷൻ ഏകാംഗ ജൂറിയുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിന് അധ്യക്ഷ്യം വഹിച്ചു. സിഎച്ച് മുഹമ്മദ് കോയയുടെ മകൻ കൂടിയായ എം.കെ മുനീർ എംഎൽഎയാണ് പുരസ്കാരം യൂസഫലിക്ക് സമ്മാനിച്ചത്.
പി.വി അബ്ദുൽ വഹാബ് എംപി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഷിബു ബേബി ജോൺ, ഡോ. ആസാദ് മൂപ്പൻ, എൻ.എ ഹാരിസ് എംഎൽഎ, അച്ചു ഉമ്മൻ, ഡോ. ഫൗസിയ ഷെർഷാദ്, പി.എം.എ ഗഫൂർ പ്രസംഗിച്ചു. എം.വി ശ്രേയംസ്കുമാർ എംപി, സി.പി സൈതലവി, നജീബ് കാന്തപുരം എംഎൽഎ, ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, പി.കെ ആഷിഖ്, ഷംലാൽ അഹമ്മദ്, പി.എ സൽമാൻ ഇബ്രാഹിം, ശുഐബ് അബ്ദുറഹിമാൻ, പൊയിൽ അബ്ദുല്ല, സൈനുൽ ആബിദീൻ സഫാരി, ഇബ്രാഹിം മുറിച്ചാണ്ടി, തമീം ടി.എം.ജി ഗ്രൂപ്, നഈം മൂസ, ഷബീർ മണ്ടോളി, തൻവീർ അറക്കൽ, റിയാസ് ചേലേരി, ഇസ്മായിൽ എലൈറ്റ്, എ.കെ അബ്ദുറഹിമാൻ, കുഞ്ഞമ്മദ് പേരാമ്പ്ര, ഷറഫുദ്ദീൻ കണ്ണേത്ത്, എം.എ സിറാജ് അബൂബക്കർ, പി.ടി അസൈനാർ, അബ്ദുല്ല നൂറുദ്ദീൻ, സലാം പാപ്പിനിശ്ശേരി, ആഷിഖ് ചെലവൂർ, ബ്രസീലിയ ഷംസുദ്ദീൻ, സിഎച്ചിന്റെ പുത്രിമാരായ ഫൗസിയ, ശരീഫ, മരുമക്കളായ ഡോ. അഹമ്മദ് ശരീഫ്, പി.എ ഹംസ, സിഎച്ചിന്റെ പേരക്കുട്ടികളായ ഡോ. ജൗഹർ ശരീഫ്, ജാസിർ ശരീഫ്, അബ്ദുള്ള ഫാദി, ഡോ. മുഹമ്മദ് മുഫ്ലിഹ്, മുഹമ്മദ് മിന്നാഹ് എന്നിവർ പുരസ്കാര സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സിഎച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. എം.കെ മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു. കോ-ചെയർമാൻ ഡോ. മുഹമ്മദ് മുഫ്ലിഹ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ കൺവീനർ സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ ഫിറോസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
സിഎച്ച് ഫൗണ്ടേഷൻ, സ്വാഗതസംഘം ഭാരവാഹികളായ ഇസ്മായിൽ ഏറാമല, ഫിറോസ് അബ്ദുല്ല, സൽമാൻ ഫാരിസ്, വി.കെ.കെ റിയാസ്, അഷ്റഫ് പള്ളിക്കര, ഡോ. ഫിയാസ്, സമീർ മനാസ്, റാഷിദ് കിഴക്കയിൽ, നാസിം പാണക്കാട്, കെ.സി സിദ്ദീഖ്, ജസീൽ കായണ്ണ, സി.കെ.സി ജമാൽ, സി.ഫാത്തിഹ്, അസീസ് കുന്നത്ത്, ഗഫൂർ പാലോളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സിഎച്ച് മുഹമ്മദ് കോയ എന്ന കുട്ടിക്കാലം മുതൽക്കേ തന്നെ പ്രചോദിപ്പിച്ച നേതാവായിരുന്നെന്ന് എം.എ യൂസുഫലി പുരസ്കാരം സ്വീകരിച്ചു കൊണ്ടു പറഞ്ഞു. ചെറുപ്പ കാലത്ത് ഞാനദ്ദേഹത്തിന്റെ ഒരു ഫാൻ ആയിരുന്നു. സിഎച്ച് പ്രസംഗിക്കുന്നത് പോലെ നല്ലൊരു പ്രസംഗകനാവണമെന്നാണ് ഞാൻ മോഹിച്ചത്. വക്കീൽ പഠനം നടത്തണമെന്നൊരു ആഗ്രഹവും മനസ്സിലുണ്ടായിരുന്നു. എന്നാൽ, ദൈവനിയോഗത്താൽ ഞാൻ ബിസിനസ് മേഖലയിലാണ് എത്തിയത്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നന്മ ചെയ്യാൻ സാധിക്കുന്നുവെങ്കിൽ അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് മാത്രം സംഭവിക്കുന്നതാണ്.
സ്രഷ്ടാവിൽ നിന്നുള്ള പ്രതിഫലം മാത്രമാണ് ലക്ഷ്യം. വിമർശിക്കുന്നവരും പരിഹസിക്കുന്നവരുമൊക്കെ ചുറ്റുമുണ്ടായാലും നല്ല നിയ്യത്തുണ്ടെങ്കിൽ നന്മ ചെയ്യുന്ന കാര്യത്തിൽ നിന്ന് അവർക്കാർക്കും പിറകോട്ട് വലിക്കാനോ തളർത്താനോ കഴിയില്ല. പാണക്കാട് കുടുംബവുമായുള്ള ആദരവും ആത്മബന്ധവും എക്കാലവും തുടരാൻ കഴിയുന്നുവെന്നത് തനിക്കുള്ള അനുഗ്രഹമായി കാണുന്നുവെന്നും സിഎച്ചിന്റെ കുടുംബം സ്നേഹത്തോടെ സമ്മാനിച്ച പുരസ്കാരം ഏറ്റവും മഹത്തായ അംഗീകാരമായി താൻ കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിഎച്ച് ഫൗണ്ടേഷന്റെ പ്രവർത്തന പദ്ധതികളിൽ പ്രധാന ഇനമായ സിഎച്ച് കാന്റീൻ എന്ന പേരിൽ ആരംഭിക്കുന്ന സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്ക് യൂസുഫലി 2 കോടി രൂപ വാഗ്ദാനം ചെയ്തു.
കേരളം എക്കാലവും സിഎച്ചിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സിഎച്ച് ഫൗണ്ടേഷൻ ദുബൈയിൽ സംഘടിപ്പിച്ച ‘റിഫ്ളക്ഷൻസ് ഓൺ സിഎച്ച്’ എന്ന അവാർഡ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
സഹിഷ്ണുതയും സഹവർത്തിത്വവും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തെ കേരളത്തിൽ വാർത്തെടുക്കാൻ സിഎച്ചിന് സാധിച്ചുവെന്നത് കൊണ്ടാണത്. വിദ്യാഭ്യാസ പുരോഗതി നേടിയും പരസ്പര സൗഹാർദത്തോടെ ജീവിച്ചും മാതൃക കാണിക്കാൻ കേരളത്തിന് സാധിക്കുന്നത് സിഎച്ച് മുഹമ്മദ് കോയ നടത്തിയ നവോത്ഥ ാന പ്രവർത്തനങ്ങളുടെ ഫലമായാണ്. വർഗീയതയെയും വിദ്വേഷത്തെയും സമൂഹത്തിൽ നിന്ന് ഇല്ലാതാക്കി സാംസ്കാരികമായ ഒരു മുന്നേറ്റത്തിന് അവരെ പ്രേരിപ്പിക്കാൻ സിഎച്ചിന്റെ പ്രസംഗവും എഴുത്തും സഹായിച്ചു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും മികച്ച ഭരണാധികാരി എന്ന നിലക്കും എക്കാലവും സിഎച്ചിന്റെ നാമം മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കും. മനുഷ്യരെ ഒന്നായി കാണാനും ഒരുമിപ്പിച്ച് നിർത്താനും പരിശ്രമിച്ച നവോത്ഥാന ശിൽപ്പിയായ സിഎച്ചിന്റെ പേരിലുള്ള അവാർഡ് മനുഷ്യ സ്നേഹിയായ എം.എ യൂസുഫലിക്ക് നൽകുന്നുവെന്നതിൽ അത്യധികം ആഹ്ളാദമുണ്ടെന്നും തങ്ങൾ വ്യക്തമാക്കി.
മതസൗഹാർദത്തിന് ഊന്നൽ നൽകിയുള്ള വാക്കും പ്രവൃത്തിയുമായിരുന്നു സിഎച്ച് മുഹമ്മദ് കോയ തന്റെ ജീവിത കാലത്ത് നടത്തിയിരുന്നതെന്നും, കേരളത്തിന്റെ പ്രബുദ്ധമായ സാംസ്കാരിക വളർച്ചക്ക് സിഎച്ച് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിഎച്ചിന്റെ പേരിലുള്ള അവാർഡ് ഏറ്റവും അർഹതപ്പെട്ട ഒരു കയ്യിലേക്കാണ് സിഎച്ചിന്റെ കുടുംബം ഏൽപ്പിച്ചിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എ യൂസുഫലി സമൂഹത്തിന് വേണ്ടി ചെയ്യുന്ന നാനോന്മുഖമായ സഹായങ്ങൾ മറക്കാൻ കഴിയാത്തതാണ്. മനുഷ്യത്വമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.