മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിലിരിക്കുന്ന വിഷയമായതിനാല്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി അക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. മെയ് നാലിനാണ് സംഭവം നടന്നത് മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയാണ് മെയ്തെയ് വിഭാഗത്തില്‍പ്പെട്ടവര്‍ നഗ്നരാക്കി നടത്തിയത്. സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.
അതേസമയം വിഷയത്തില്‍ പ്രതിഷേധം ഉയരുകയാണ്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്പോക്പിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം അറിയിച്ചു.
സംഭവത്തില്‍ കേസെടുത്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. സംഭവം മറ്റൊരുജില്ലയില്‍ ആണ് സംഭവിച്ചെതെങ്കിലും കാങ്പോക്പിയില്‍ കേസെടുത്ത് എഫ്ഐആര്‍ ഇട്ടുവെന്നാണ് മണിപ്പൂര്‍ പൊലീസിന്റെ വാദം. സംഭവം നടന്ന് രണ്ട് മാസം പിന്നിടുമ്പോഴും വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുക്കാന്‍ തയ്യാറായത്.
സംഭവം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യത്വ രഹിത നടപടിയാണെന്നും കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.