കല്‍പ്പറ്റ: 2024 തുടങ്ങി ഒന്നര മാസം പിന്നിടുമ്പോഴേക്ക് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ചതോടെ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ 17 ദിവത്തിനിടയിൽ 3 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വയനാട്ടിലെ ജനവികാരം കൂടി തിരിച്ചറിഞ്ഞാണ് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് എല്ലാ കക്ഷികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂര്‍ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കാട്ടാന ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് പോളിന്റെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മാനന്തവാടിയിൽനിന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോളിന്റെ പോസ്റ്റ്മോര്‍ട്ടം നാളെ നടക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രാവിലെ 7.30ഓടെ പുല്‍പ്പള്ളി പൊലീസ് എത്തും.
ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.