ഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്. ബന്ദികളെ മോചിപ്പിച്ച് കൈമാറുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതോടെയാണ് വെടിനിര്‍ത്തലും വൈകുന്നത്.
കരാര്‍ അനുസരിച്ച് ബന്ദികളെ കൈമാറുന്നത് വെള്ളിയാഴ്ചയ്ക്കുള്ളില് ഉണ്ടാകില്ലെന്നാണ് ഇസ്രയേല്‍ അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍ നേരത്തെ ബന്ദികളുടെ മോചനവും നാല് ദിവസത്തെ വെടിനിര്‍ത്തലും വ്യാഴാഴ്ച തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അതേസമയം താത്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ യുദ്ധം തുടരുമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ വെടിനിര്‍ത്തല്‍ കരാര്‍ പിന്‍വലിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചിരുന്നു. ഖത്തറുമായുള്ള മധ്യസ്ഥ ചര്‍ച്ചയിലാണ് കഴിഞ്ഞ ദിവസം വെടിനിര്‍ത്തലിന് ധാരണയായത്.
കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം ഇസ്രയേല്‍ ജയിലില്‍ ബന്ദികളാക്കപ്പെട്ട പലസ്തീന് സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. 150ഓളം പലസ്തീനികളെയാണ് ഇസ്രയേല്‍ ബന്ദികളാക്കി വെച്ചിട്ടുള്ളത്.