സംഗറെഡ്ഡി (തെലങ്കാന): തെലങ്കാനയിലെ ഓൾഡ് സിറ്റിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയിന്റെ പ്രസ്താവനയ്ക്കെതിരെ എ.ഐ.എം.ഐ.എം (ആൾ-ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ) തലവൻ അസദുദ്ദീൻ ഒവൈസി. ധൈര്യമുണ്ടെങ്കിൽ ഓൾഡ് സിറ്റിയ്ക്ക് പകരം ചൈനയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തൂവെന്ന് അദ്ദേഹം പറഞ്ഞു.
2020ൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും (ടിആർഎസ്) എഐഎംഐഎം മേധാവി ഒവൈസിയും റോഹിങ്ക്യൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ വോട്ടർമാരുടെ സഹായത്തോടെ ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുകയാണെന്ന് ബന്ദി സഞ്ജയ് പറഞ്ഞിരുന്നു.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, റോഹിങ്ക്യകൾ എന്നിവിടങ്ങളിൽ നിന്നുള്ള വോട്ടർമാരില്ലാതെയാണ് ജിഎച്ച്എംസി തിരഞ്ഞെടുപ്പ് നടത്തേണ്ടത്. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഹൈദരാബാദ് ഓൾഡ് സിറ്റിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തും – 2020-ലെ വിവാദ പ്രസ്താവനയിൽ ബന്ദി സഞ്ജയ് പറഞ്ഞു.
ഈ വിവാദപരാമർശം വീണ്ടും ചർച്ചയാക്കിയാണ് ചൊവ്വാഴ്ച തെലങ്കാനയിലെ സംഗറെഡ്ഡയിൽ നടന്ന പൊതുയോഗത്തിൽ എഐഎംഐഎം അധ്യക്ഷൻ ഒവൈസി സംസാരിച്ചത്. ഓൾഡ് സിറ്റിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്നാണല്ലോ അവർ പറഞ്ഞത്, ധൈര്യമുണ്ടെങ്കിൽ അവരോട് ചൈനയിൽ കേറി സർജിക്കൽ സ്ട്രൈക്ക് നടത്താൻ പറയൂ – ഒവൈസി പറഞ്ഞു.
ഒവൈസിയും തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് മേധാവിയുമായ കെ ചന്ദ്രശേഖർ റാവുവും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിനെതിരെയും ഒവൈസി ആഞ്ഞടിച്ചു. എന്റെ കയ്യിലാണോ ഈ സംസ്ഥാനത്തിൻ്റെ അധികാരം കോടിക്കണക്കിന് രൂപയാണ് തെലങ്കാന സർക്കാർ ക്ഷേത്രങ്ങൾക്ക് നൽകിയത്, സ്റ്റിയറിംഗ് എന്റെ കൈയിലാണെന്ന് അദ്ദേഹം (അമിത് ഷാ) പറയുന്നു, സ്റ്റിയറിംഗ് എന്റെ കൈയിലാണെങ്കിൽ, നിങ്ങൾക്ക് എന്തിനാണ് വേദനിക്കുന്നത്?