ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച ഗേ പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടു കിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കും. ആശുപത്രിയില്‍ മെഡിക്കല്‍ ബില്ലായ 1.30 ലക്ഷം രൂപ അടയ്ക്കാനാകില്ലെന്നും തന്റെ കൈവശമുള്ള 30,000 രൂപ അട യ്ക്കാന്‍ തയ്യാറാണെന്നും മൃതദേഹം വിട്ടു നല്‍കണമെന്നുമാണ് യുവാവിന്റെ ആവശ്യം.
ഇരുവരും കൊച്ചിയിലെ ഫ്ളാറ്റില്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇവരുടെ ബന്ധത്തിനും ഒന്നിച്ച് താമസിക്കുന്നതിനും കുടുംബം എതിരായിരുന്നു എന്നും യുവാവ് ഹര്‍ജിയില്‍ അറിയിച്ചു. ഫെബ്രുവരി 3ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയെങ്കിലും താന്‍ ബില്ലുകള്‍ അടച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടാണ് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ സ്വീകരിച്ചതെന്നും 30,000 രൂപ താന്‍ അടയ്ക്കാന്‍ തയ്യാറാണെന്നുമാണ് യുവാവ് ഹര്‍ജിയില്‍ പറയുന്നത്.
കേരളത്തില്‍ വിവാഹിതരായ ഗേ ദമ്പതികളാണ് മനുവും ജെബിനും. ഫോണ്‍ ചെയ്യാന്‍ ടെറസിലേക്ക് പോയ ജെബിന് തെന്നി വീഴുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ രണ്ട് ദിവസം ജീവന് നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിക്കുകയായിരുന്നു.