ഒട്ടാവ: കുടിയേറ്റക്കാർക്ക് അമേരിക്ക അനുവദിക്കുന്ന എച്ച് വൺ ബി വിസയുള്ളവരെ ജോലിക്ക് എടുക്കാൻ കാനഡ. എച്ച് വൺ ബി വിസയുള്ള പതിനായിരം പേർക്ക് ഓപ്പണ്‍ വർക്ക് പെർമിറ്റ് നൽകി കാനഡയിൽ ജോലി ചെയ്യാൻ അവസരമൊരുക്കും. ഇങ്ങനെ കാനഡയിൽ എത്തുന്നവർക്ക് മൂന്ന് വർഷം അവിടെ ജോലി ചെയ്യാൻ അവസരമുണ്ടാവുമെന്നും കാനഡ കുടിയേറ്റ വകുപ്പ് മന്ത്രി സീൻ ഫ്രേസറാണ് ഇക്കാര്യം അറിയിച്ചത്.
കാനഡയിലെവിടെയും ഏത് തൊഴിലുടമയ്ക്കും ഇവർക്ക് കീഴിൽ ജോലി ചെയ്യാം. ഈ വിസയിലെത്തുന്നവരുടെ ഭാര്യയ്ക്കോ ഭർത്താവിനോ കുടുംബാംഗങ്ങൾക്കോ താത്കാലിക റസിഡൻ്റ് വിസ നൽകും. ഈ വിസയിൽ അവർക്ക് ജോലിയും പഠനവും ചെയ്യാനാകും.
അതേസമയം കുടിയേറ്റ നയത്തിൽ കാലോചിതമായ മാറ്റങ്ങളോടെ പുതിയ നിയമം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കാനഡ. ഈ വർഷം അവസാനത്തോടെ പുതിയ കുടിയേറ്റ നിയമം കാനഡയിൽ നിലവിൽ വരുമെന്നാണ് കരുതുന്നത്. തൊഴിൽ പ്രാവീണ്യമുള്ളവരെ കാനഡയിൽ എത്തിക്കാൻ ഉദ്ദേശിച്ചാണ് പുതിയ നിയമം. എന്നാൽ പുതിയ നയത്തിൽ എത്ര പേരെ കാനഡയിൽ കുടിയേറാൻ അനുവദിക്കുമെന്ന കാര്യം സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.