കാനഡയിൽ ടിക് ടോക് ആപ്പ് നിരോധിച്ചു. സ്വകാര്യതയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാണിച്ചാണ് ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക് നിരോധിച്ചതായി കാനഡ പ്രഖ്യാപിച്ചത്. ഈ ആപ്പിൽ അപകടസാധ്യതകൾ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇതാണ് ആപ്പ് നിരോധിക്കുന്നതിന് കാരണമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.
ടിക് ടോക് ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതുകൊണ്ടും ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സർക്കാരിന് ആക്സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയുമാണ് ആപ്പ് നിരോധിച്ചതിന്റെ മറ്റൊരു കാരണം. കൂടാതെ കനേഡിയൻ ഗവൺമെന്റ് പൗരന്മാരുടെ ഓൺലൈൻ കാര്യങ്ങൾ സുരക്ഷിതമാക്കാൻ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ടിക് ടോക്ക് നിരോധനമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം കനേഡിയൻ പൗരൻമാർക്ക് ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികളിൽ ആദ്യത്തെ നിരോധനം കൂടിയാണിത്.
നിരോധനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. നിരോധനം ഏർപ്പെടുത്തുന്നതോടെ ഭാവിയിൽ കനേഡിയൻ സർക്കാർ ജീവനക്കാർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഈ നിരോധനം ബിസിനസുകളെയും വ്യക്തികളെയും അവരുടെ സ്വന്തം ഡാറ്റ സുരക്ഷയെക്കുറിച്ച് ചിന്തിക്കാനുതകും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ ഈ നിരോധനം അവരെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.