കാലത്തിനൊത്ത് വാക്കുകൾക്ക് പുതിയ അർഥങ്ങൾ ജനിക്കുമ്പോൾ കേംബ്രിജ് ഡിക്ഷ്നറി സ്ത്രീ, പുരുഷൻ എന്നിവയുടെ പരമ്പരാഗത നിർവചനം പുതുക്കിയെഴുതി. പുതുതായി ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തിക്കൊണ്ട് വിശാലവും നീതിപൂർവവുമായ പരിഷ്കാരമാണ് കേംബ്രിജ് അവതരിപ്പിച്ചിരിക്കുന്നത്. ‘Woman’ എന്ന പദത്തിന് ‘an adult female human being’ എന്ന പഴയ നിർവചനം നിലനിർത്തിക്കൊണ്ടു തന്നെ രണ്ടാം നിർവചനമായി ട്രാൻസ്ജെൻഡർ എന്ന പദവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീ ആയിട്ടല്ല ജനിച്ചതെങ്കിലും സ്ത്രീയായി ജീവിക്കുകയും സ്ത്രീയെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തി എന്നാണ് ഈ വാക്കിന്റെ പരിഷ്കരിച്ച നിർവചനം. അതേസമയം പുരുഷൻ ആയിട്ടല്ല ജനിച്ചതെങ്കിലും പുരുഷനായി ജീവിക്കുകയും പുരുഷനെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രായപൂർത്തിയായ വ്യക്തി എന്നാണ് Man’ എന്ന പദത്തിന് നൽകുന്ന നിർവചനം. കഴിഞ്ഞ ഒക്ടോബറിലാണ് നിർവചനങ്ങൾക്ക് പുതിയ അർഥതലങ്ങൾ നൽകാൻ എഡിറ്റർമാർ തീരുമാനമെടുത്തത്.
അതേസമയം ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷ്നറി ഡോട് കോംഈ വർഷത്തെ വാക്കായി ‘Woman’ നെ തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട കേതാൻജി ബ്രൗൺ ജാക്സനോട് സെനറ്റ് ഹിയറിങ്ങിനിടെ ‘വുമൻ’ എന്ന പദത്തെ നിർവചിക്കാൻ ആവശ്യപ്പെട്ടിരുന്നു. അന്നു മുതൽ ഇറാനിലെ പ്രക്ഷോഭങ്ങൾ വരെ ഈ വർഷത്തെ വിവിധ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങൾ സ്ത്രീ എന്ന വാക്കിനും സ്വത്വത്തിനും നൽകിയ പ്രാധാന്യം പരിഗണിച്ചാണിത്.