തിരുവനന്തപുരം: സ്വപ്നങ്ങൾ യാഥാർഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും 2000 കണ്ടെയ്നറുകളുമായെത്തിയ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് നങ്കൂരമിട്ടത്.രാവിലെ ഏഴു മണിയോടെ 25 നോട്ടിക്കൽ മൈൽ (46 കിലോമീറ്റർ) അകലെ പുറംകടലിലെത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് തുറമുഖത്തേക്ക് സ്വീകരിച്ചത്.
വലിയ ടഗ് ഓഷ്യൻ പ്രസ്റ്റീജിൻറെ നേതൃത്വത്തിൽ ഡോൾഫിൻ സീരിസിലെ 27, 28, 35 എന്നീ ചെറു ടഗുകളാണ് വാട്ടർ സല്യൂട്ട് നൽകിയത്. ഒമ്പതരയോടെ വിഴിഞ്ഞം തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. നങ്കൂരമിട്ട കപ്പലിൽ നിന്ന് എസ്.ടി.എസ്, യാർഡ് ക്രെയിനുകൾ ഉപയോഗിച്ച് ചരക്കിറക്കൽ ആരംഭിക്കും. ഒറ്റ ദിവസം കൊണ്ട് ചരക്കിറക്കൽ പൂർത്തിയാകും.
വലിയ കപ്പലിൽ നിന്ന് ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റൽ (ട്രാൻഷിപ്മെൻറ്) നടത്തുന്നതിനായി രണ്ട് കപ്പലുകൾ ഇന്ന് വിഴിഞ്ഞത്തെത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും നൽകുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം കപ്പൽ കൊളംബോയിലേക്ക് പുറപ്പെടും.