തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നത് ആശങ്ക പടർത്തുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകളിലുള്ളത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് ഇന്ന് കോളറ സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാംപിളുകളാണ് പോസീറ്റിവായത്. ഈ സ്ഥാപനത്തിൽ നേരത്തെ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. അതേസമയം ചികിത്സയിലുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നേരത്തെ കാസർകോടും ഒരാൾക്ക് കോളറ ബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ല ഇതെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി നിലവിൽ എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ജൂലൈ മാസത്തിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാൻ സാധ്യതയുണ്ടെന്നും വിട്ടുവീഴ്ച്ചയില്ലാതെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഈ മാസം രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.