70 വർഷങ്ങൾക്ക് ശേഷം പ്രൗഢഗംഭീരമായ കിരീടധാരണച്ചടങ്ങിനു സാക്ഷ്യം വഹിച്ച് ബ്രിട്ടൺ. ബ്രിട്ടണിന്റെ രാജാവായി ചാൾസ് ഫിലിപ്പ് ആർതർ ജോർജ് കിരീടമണിഞ്ഞു.
ബക്കിങ് ഹാം കൊട്ടാരത്തിൽ നിന്നും വർണ്ണശബളമായ ഘോഷയാത്ര അകമ്പടിയോടെ രാജരഥത്തിലായിരുന്നു ചാൾസ് മൂന്നാമനും പത്നി കമീലയും സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്ന വെസ്റ്റ് മിനിസ്റ്റർ ആബിയിലെത്തിച്ചേർന്നത് . വഴിയിലുടനീളം നിരവധിയാളുകൾ കൗതുകവും ചരിത്രവും നിറഞ്ഞ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനായെത്തിയിരുന്നു. വിവിധ രാജ്യങ്ങളുടെ രാജാക്കന്മാർ, രാഞ്ജിമാർ, പ്രഭുക്കന്മാർ, പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ തുടങ്ങി 4000 പേർ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. നിരവധി ചടങ്ങുകളുടെ അകമ്പടിയോടെയാണ് ബ്രിട്ടൺ സാമ്രാജ്യത്തിന്റെ രാജാവായി കിംഗ് ചാൾസ് അധികാരമേറ്റത്.
കാന്റർബറി ബിഷപ്പിന്റെ നേതൃത്വത്തിൽ പ്രൗഢഗംഭീരവും സാംസ്കാരികവും ആത്മീയവുമായ അഞ്ചു ഘട്ടങ്ങളിലായുള്ള ചടങ്ങുകളായിരുന്നു ഉണ്ടായത്.
തിരിച്ചറിയൽ, സത്യപ്രതിജ്ഞ, അഭിഷേകം, നിക്ഷേപം, സിംഹാസനത്തിലിരിക്കൽ എന്നിങ്ങനെ അഞ്ചു ചടങ്ങുകളാണ് പ്രധാനമായും സ്ഥാനാരോഹണ ചടങ്ങിലുണ്ടായിരുന്നത്. 70 വർഷങ്ങൾക്ക് ശേഷമാണ് രാജ്യം കിരീടധാരണച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.
ഇന്ത്യയുടെ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗദീപ് ധങ്കർ ചടങ്ങിൽ പങ്കെടുത്തു.