തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഐപിസി 124 വകുപ്പാണ് ചുമത്തിയത്. 19 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നേരത്തെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്.
പ്രതിഷേധക്കാര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് നിസാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന ആക്ഷേപം ഉയര്‍ന്നത്. ഗവര്‍ണര്‍ക്കൊപ്പം ഇന്നലെ ഉണ്ടായിരുന്ന സുരക്ഷ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത പൊലീസ് നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു.