റിയാദ് സീസൺ 2022 അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കി. ‘ബോളിവാർഡ് വേൾഡ്’ സോണിനാണ് ഈ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ. ഇതോടെ വിനോദലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ബോളിവാർഡിലേക്ക് നീങ്ങി. വെറും 82 ദിനരാത്രങ്ങൾ കൊണ്ടാണ് ഈ വിസ്മയനഗരി പടുത്തുയർത്തിയിട്ടുള്ളത്. ബോളിവാർഡ് വേൾഡിലെ ലഗൂൺ തടാകത്തിന് 12.19 ഹെക്ടർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകത്തിനുള്ള റെക്കോഡ് ലഭിച്ചു.
33.7 മീറ്റർ ഉയരമുള്ള ഒരു മോഡലിന് ലോകത്തിലെ ഒരു സാങ്കൽപിക കഥാപാത്രത്തിന്റെ ഏറ്റവും വലിയ ലോഹ മോഡലിനുള്ള ഗിന്നസ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഈ ഇഷ്ട കഥാപാത്രം ബോളിവാർഡിൽ ജപ്പാൻ പവലിയനോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. അതേസമയം ബോളിവാർഡ് വേൾഡിന്റെ മറ്റൊരു ആകർഷണമാണ് ലോകത്തിലെ ഏറ്റവും വലിയ ‘എൽ.ഇ.ഡി ലൈറ്റ് ബോൾ’. ഇതിനും ഗിന്നസ് വേൾഡ് റെക്കോഡ് ലഭിച്ചു.
114 അടി 10 ഇഞ്ച് തുല്യമാണ് 35 മീറ്റർ വ്യാസമുള്ള മോഡലിന്. നഗരിയുടെ ഏതു ഭാഗത്തുനിന്നും ദൃശ്യമാകുന്ന ഈ തിളങ്ങുന്ന ഗോളത്തിനുള്ളിലേക്ക് സന്ദർശകർക്കും പ്രവേശിക്കാം. അതേസമയം ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മൊബൈൽ സ്കൈ ലൂപ് എന്ന ഗിന്നസ് ബുക്കിൽ ബോളിവാർഡിലെ സ്കൈ ലൂപ് ഗെയിം മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.
ഇവക്ക് പുറമെ ധാരാളം വിസ്മയങ്ങൾ ബോളിവാർഡിലുണ്ട്. ഫ്രഞ്ച് കോർണറിലെ എൽ.ഇ.ഡി വാളും വലിയ മ്യൂസിക് ലൈറ്റിങ് ഫൗണ്ടൻ ഷോകളും സന്ദർശകരെ ഹരം കൊള്ളിക്കും. അഞ്ച് പേർക്ക് കയറാവുന്ന ഹീലിയം നിറച്ച കൂറ്റൻ ബലൂണും സന്ദർശകരെ ആകർഷിക്കും. 80 മീറ്റർ മുകളിലേക്ക് ഉയരുന്ന ഈ ‘പേടക’ത്തിൽനിന്ന് ബോളിവാഡിന്റെ മനോഹരമായ ആകാശക്കാഴ്ചകൾ കാണാൻ സാധിക്കും.
ബോളിവാർഡിന്റെ ആദ്യ എഡിഷൻ കൂടി ഒപ്പിയെടുക്കുന്ന സാറ്റലൈറ്റ് വ്യൂ നൽകുന്നതാണ് അന്തരീക്ഷത്തിലൂടെ പായുന്ന കേബിൾ കാർ. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിനോദ കേന്ദ്രമാണിത്. കുരുന്നുകൾക്കായി ധാരാളം ഗെയിമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിനോദവ്യവസായം പ്രോജ്വലമാക്കാൻ സൗദി അറേബ്യ നടത്തിയ തീവ്രപരിശ്രമത്തിന്റെ മുദ്രകളാണിതൊക്കെയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യതമാക്കി.