ശ്രീനഗർ: ജമ്മു-കശ്മീർ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈക്കിട്ട് 6 മണിക്ക് അവസാനിക്കും. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്ജമ്മു-കശ്മീരിന് പ്രത്യേക പദവിനൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിൻവലിച്ചതിനുശേഷുള്ള ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്.
ആദ്യഘട്ടത്തിലെ 24 മണ്ഡലങ്ങളിൽ എട്ടെണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കനത്തസുരക്ഷ ഒരുക്കിയിട്ടുണ്ട്.പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി അടക്കമുള്ള പ്രമുഖരാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. ബിജ്ബേഹരയിലെ ശ്രിഗുഫ്വാരയിൽ നിന്നാണ് ഇൽതിജ ജനവിധി തേടുന്നത്.
എഐസിസി ജനറൽ സെക്രട്ടറിയും രണ്ട് തവണ മന്ത്രിയുമായ ഗുലാം അഹമ്മദ് മിർ, നാല് തവണ നിയമസഭ സമാജികനും മുതിർന്ന സിപിഎം നേതാവുമായ എം വൈ തരിഗാമി (കുൽഗാം), മുൻ മന്ത്രിമാരായ കോൺഗ്രസിൻറെ പിർസാദ സയീദ് (അനന്തനാഗ്), നാഷണൽ കോൺഫറൻസിൻറെ സക്കീന ഇതൂ (ഡി എച്ച് പോറ) എന്നിവരാണ് ഒന്നാംഘട്ടത്തിൽ മത്സരരംഗത്തുള്ള മറ്റ് പ്രമുഖർ.