തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ തൊഴിലാളികളിൽ ഒരാളെ കാണാതായി. തോട് വൃത്തിയാക്കാനായി റെയിൽവേ കോൺട്രാക്ട് നൽകിയ ആളുടെ തൊഴിലാളിയായ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.മൂന്ന് ദിവസമായി ഇവിടെ ശുചീകരണം നടക്കുന്നുണ്ട്. നാല് പേരായിരുന്നു ജോലിക്കുണ്ടായിരുന്നത്. ഇന്ന് കനത്ത മഴയിൽ തോട്ടിൽ വെള്ളം കൂടിയ നിലയിലായിരുന്നു. ഒഴുക്ക് കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നിറഞ്ഞ നിലയിലായിരുന്നു ആമയിഴഞ്ചാൻ തോട്.
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഒമ്പത് ലക്ഷം വിനിയോഗിച്ച് കഴിഞ്ഞ മാസം രണ്ട് തവണയായി ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ, വീണ്ടും വൻ തോതിൽ മാലിന്യം അടിയുകയായിരുന്നു.