സൗദിയിൽ ഒന്നരമാസം മുൻപ് സൗദ്ദിയിൽ നിര്യാതനായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ (തിങ്കളാഴ്ച) നാട്ടിലെത്തിക്കും. സൗദി അറേബ്യയിലെ അൽ ബഹയിൽ വച്ച് നിര്യാതനായ കൊടുവള്ളി രാരോത്ത് ചാലിൽ ആർ.സി സത്യൻ്റെ (59) മൃതദേഹമാണ് നാളെ നാട്ടിലെത്തുന്നത്. ഏപ്രിൽ 25-നാണ് താമസസ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്ന് സത്യൻ മരണപ്പെടുന്നത്.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം മാവുള്ളകണ്ടിയിലെ തറവാട്ട് വളപ്പിൽ നടക്കും. സിന്ധു ആണ് സത്യൻ്റെ ഭാര്യ. മകൾ ആതിര, മരുമകൻ രജുലാൽ, രാരോത്ത് ചാലിൽ പരേതരായ നാരായണൻ്റേയും ജാനകിയുടേയും മകനാണ്. സഹോദരങ്ങൾ: ഗണേശൻ, സദാനന്ദൻ, പരേതനായ മനോജ്, ബിജു, ബിന്ദു
ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് കണ്‍വീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അൽബഹ സെൻട്രൽ കമ്മിറ്റി അംഗം അബ്ദുനാസർ കൊണ്ടോട്ടി, ദുബായിലെ സാമൂഹ്യപ്രവർത്തകൻ ഷെരീഫ് പിവി കരേക്കാട്, കോഴിക്കോട്, ഹഖീഖ് കെഎംസിസി ചെയർമാൻ അബ്ദുൾ ഹഖീം, ഭാസ്കരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം നാട്ടിലേക്ക് എത്തുന്നത്. കോഴിക്കോട് നോർക്ക ഓഫീസ് ഉദ്യോഗസ്ഥ ലതയുടെ ഇടപെടലും നിർണായകമായി.