കളമശ്ശേരി സ്ഫോടനത്തെ സംബന്ധിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നെന്ന് സൂചന. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ മൊഴിയില്‍ നിന്നാണ് പൊലീസിന് മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന തരത്തിലുള്ള സംശയം ഉണ്ടായിരിക്കുന്നത്.
സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി മാര്ട്ടിന് ഒരു ഫോണ്‍ കോള്‍ വന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു. അടുത്ത ദിവസം രാവിലെ ഒരു സ്ഥലം വരെ പോകാനുണ്ട്. അത് കഴിഞ്ഞ് പറയാമെന്നാണ് തന്നോട് മാര്ട്ടിന് പറഞ്ഞതെന്നാണ് ഭാര്യ പൊലീസിന് മൊഴി നല്‍കിയത്. ഇതാണ് മറ്റൊരാള്‍ക്ക് കൂടി സംഭവത്തെക്കുറിച്ച് അറിവുണ്ടെന്ന സൂചന നല്‍കുന്നത്.
സ്ഫോടനം നടന്ന ശേഷമാണ് താന്‍ ഫോണ്‍ വന്ന കാര്യം ഓര്‍ത്തതെന്നും ഭാര്യ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ തലേദിവസം വിളിച്ച ആള് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സ്ഫോടനത്തിന് ശേഷം ഒരു സുഹൃത്തിനെയും മാര്ട്ടിന് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സുഹൃത്ത് തന്നെയാണോ സംഭവ നടക്കുന്നതിന്റെ തലേദിവസം മാര്‍ട്ടിനെ വിളിച്ചത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാര്‍ട്ടിന്റെ അറസ്റ്റ് കഴിഞ്ഞദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹാജരാക്കിയ ശേഷം പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും.