ഫിഫ ലോകകപ്പ് കാണാനെത്തുന്നവർക്ക് ഖത്തറിൻ്റെ സംസ്കാരവും പൈതൃകവും അടുത്തറിയാൻ കോർണിഷിൽ നിർമിച്ച പരമ്പരാഗത പായ്ക്കപ്പലുകളുടെ മറീനകൾ. ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റിയുടെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിനുള്ള മേൽനോട്ട കമ്മിറ്റി മറീനകളുടെ നിർമാണം പൂർത്തിയായതായി അറിയിച്ചു.
ദോഹ കോർണിഷിലെ അൽബിദ, ദഫ്ന നടപ്പാതകൾക്കും ഷെറാട്ടൺ പാർക്കിനും സമീപമാണ് പായ്ക്കപ്പലുകൾക്ക് നങ്കൂരമിടാൻ മൂന്ന് മറീനകൾ നിർമിച്ചിട്ടുള്ളത്. ഖത്തറിലെ ടൂറിസം വകുപ്പ് മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് നിർമാണം. ദോഹ കോർണിഷിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. ലോകകപ്പിനായുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസന ജോലികളുടെ ഭാഗം കൂടിയാണിത്.
ഖത്തറിൻ്റെ സാംസ്കാരിക പൈതൃകവും ആധുനികതയും വിളിച്ചോതുന്നവയാണ് പരമ്പരാഗത പായ്ക്കപ്പലുകൾ. ദോഹ കോർണിഷിലെത്തുന്ന സന്ദർശകർക്ക് രാജ്യത്തിൻ്റെ സമുദ്രയാന പൈതൃകവും സംസ്കാരവും അടുത്തറിയാനും മനസിലാക്കാനും അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ മറീനകൾ സഹായിക്കും.