ദില്ലി: മണ്ണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ നടക്കുന്ന അവിശ്വാസ ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ലോക്സഭാ അംഗത്വം തിരികെ കിട്ടിയ ആദ്യമായി സഭയിൽ നടത്തിയ പ്രസംഗത്തിൽ അതിരൂക്ഷ വിമർശനമാണ് രാഹുൽ കേന്ദ്രസർക്കാരിനെതിരെ നടത്തിയത്.
രാഹുലിൻ്റെ വാക്കുകൾ –
ലോക്സഭാ അംഗത്വം തിരികെ തന്നതിന് ലോക്സഭാ സ്പീക്കർക്ക് ആദ്യം നന്ദി പറയുന്നു. ഇതിനു മുൻപ് ഇതേസഭയിൽ അവസാനം നടത്തിയ പ്രസംഗത്തിൽ ഞാൻ അദാനിയെക്കുറിച്ച് പറഞ്ഞതിന് താങ്കൾക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. താങ്കളുടെ നേതാവിനും അതു വലിയ വേദനയുണ്ടാക്കി കാണും. അതിനും ആദ്യമേ ക്ഷമ ചോദിക്കുന്നു. ബിജെപിയിലെ എൻ്റെ സുഹൃത്തുകൾ പേടിക്കേണ്ട. കാരണം ഇന്ന് ഞാൻ അദാനിയെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല.
ഇന്ന് എൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ നിന്നും സംസാരിക്കാനാണ് എനിക്കിഷ്ടം. എന്നത്തേയും പോലെ ഇന്നും സർക്കാരിനെതിരെ കടുത്ത ഭാഷയിൽ ആക്രമണം നടത്താൻ ഞാൻ താത്പര്യപ്പെടുന്നില്ല. ഏതാനും ദിവസം മുൻപ് ഞാൻ കലാപം നടക്കുന്ന മണിപ്പൂരിൽ പോയിരുന്നു. പക്ഷേ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ല. കാരണം അദ്ദേഹത്തെ സംബന്ധിച്ച് മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല.
മണിപ്പൂരിനെ നിങ്ങൾ വിഭജിച്ചു. മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പൂരിൽ അവർ ഭാരതമാതാവിനെ കൊന്നു.അവരുടെ രാഷ്ട്രീയം മണിപ്പൂരിനെ അല്ല ഇല്ലാതാക്കിയത്. ഇന്ത്യയെ തന്നെയാണ്. അഹങ്കാരം, വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേൾക്കണം. ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമാണ് ഇന്ത്യ. രാവണൻ രണ്ട് പേരെ മാത്രമേ കേൾക്കൂ, കുംഭകർണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷാ യേയും അദാനിയേയും മാത്രമേ കേൾക്കൂ.
ഒരു രാത്രി മുഴുവൻ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പം കഴിഞ്ഞു, ഞാൻ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. ഇന്ത്യൻ സൈന്യത്തിന് ഒരു ദിവസം കൊണ്ട് മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കും. എന്നാൽ സർക്കാർ അവരുടെ സേവനം ഉപയോഗിക്കുന്നില്ല. മണിപ്പൂരിലെ ജനങ്ങളെ കൊല്ലുന്നതിലൂടെ നിങ്ങൾ ഭാരതമാതാവിൻ്റെ കൊലയാളികളാക്കുകയാണ്. നിങ്ങൾ രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികളാണ്.