ഒരു കൊതുക് കടിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ!? ജർമനിയിലെ റോഡർമാർക്കിൽ 27 കാരനായ യുവാവിന് നേരിടേണ്ടി വന്ന അനുഭവം ഇത് നിസ്സാരമായി കാണേണ്ട കാര്യമല്ലെന്ന് ബോധ്യപ്പെടുത്തുകയാണ്. സെബാസ്റ്റ്യൻ റോഷക് എന്നാ യുവാവാണ് കൊതുക് കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാത്. കോമയിലായ യുവാവിനു 30 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. ഇതിനുശേഷമാണ് റോഷകിന് ജീവൻ തിരിച്ചുകിട്ടിയത്.
ഏഷ്യൻ ടൈഗർ എന്ന കൊതുകാണ് യുവാവിന്റെ ജീവിതത്തിലെ വില്ലനായത്. കൊതുകിന്റെ കടിയേറ്റ് രക്തത്തിൽ വിഷബാധയുണ്ടായി. നാലാഴ്ചത്തോളമാണ് റോഷക് അബോധാവസ്ഥയിൽ കിടന്നത്. കൂടാതെ കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങൾ വിഷാംശം സാരമായി ബാധിക്കുകയും ചെയ്തു. കൊതുകിന്റെ കടിയേറ്റ ശേഷം പനി ശക്തമായി. ഭക്ഷണം കഴിക്കാൻ പറ്റാതാവുകയും കാലുകളുടെ നിറം കരിഞ്ഞതുപോലെയായി മാറുകയും ചെയ്തു. ശസ്ത്രക്രിയകൾക്ക് ശേഷമാണ് പൂർവസ്ഥിതിയിലേക്ക് മാറിയത്. നിലവിൽ വിശ്രമിക്കുന്ന റോഷക് കൊതുക് കടിയിലേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അഭിപ്രായപ്പെട്ടു.
എന്താണ് ടൈഗർ കൊതുകുകൾ?
ഈഡിസ് ആൽബോപിക്സ് എന്നറിയപ്പെടുന്ന കൊതുകുകളെയാണ് ടൈഗർ കൊതുക് അഥവാ കാട്ടു കൊതുക് എന്ന് വിളിക്കുന്നത്. ദക്ഷിണേഷ്യയിലെ ഭൂമധ്യരേഖയോടടുത്തുള്ള മേഖലകളിൽ ഇവയെ കൂടുതലായി കാണപ്പെടുന്നു. കാലുകളിൽ കറുപ്പും വെളുപ്പും വരകളുള്ളതിനാലാണ് ഇവയ്ക്ക് ടൈഗർ കൊതുക് എന്ന പേരുവന്നിട്ടുള്ളത്. ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്നൈൽ വൈറസ്, ഡങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ വൈറസുകൾ ഈ കൊതുകിലൂടെ പകരുന്നു. തെക്കുകിഴക്കൻ ഏഷ്യൻ വിഭാഗത്തിൽ പെട്ടതാണ് ടൈഗർ കൊതുകുകൾ. 1967-ലാണ് ഈ കൊതുകുകൾ ഏഷ്യയ്ക്കുള്ളിലെ ഇതരഭാഗങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയത്. ആഗോളതാപനത്താൽ നിരവധി രാജ്യങ്ങളിൽ ടൈഗർ കൊതുകുകൾ പെരുകാൻ അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ്.