ദുബായ്: യുഎഇ വനിത ക്രിക്കറ്റ് ടീമിന് ഐസിസി അംഗീകാരം. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരത്തിലെ മികച്ച പ്രകടനത്തിന് യുഎഇ വനിതാ ക്രിക്കറ്റ് ടീം ഐസിസി അസോസിയേറ്റ് മെമ്പർ വിമൻസ് പെർഫോമൻസ് ഓഫ് ദി ഇയർ അവാർഡ് നേടി.
ആതിഥേയരായ ഖത്തറിനും ബഹ്റൈനുമെതിരെ സുപ്രധാന വിജയങ്ങൾ നേടിയ യുഎഇ, ഹോങ്കോങ്ങിനെതിരായ സെമിഫൈനലും വിജയിച്ചു. കരുത്തരായ തായ്ലൻഡിനെതിരായ അവസാന മത്സരത്തിൽ കവിഷാ എഗോഡഗെയുടെ മികവിൽ ആറ് റൺസിൻ്റെ ത്രസിപ്പിക്കുന്ന ജയവും യുഎഇ സ്വന്തമാക്കി.
2024-ൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലേക്ക് മുന്നേറാൻ യുഎഇയ്ക്കായി. അസാധാരണ പ്രകടനങ്ങളുടെ പിൻബലത്തിൽ യു.എ.ഇ സെമിഫൈനൽ വരെയെത്തി. അബുദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ ഇഷാ ഓസയുടെ നേതൃത്വത്തിലുള്ള ടീം പക്ഷേ പരിചയസമ്പന്നരായ ശ്രീലങ്കയോട് പരാജയപ്പെട്ടു.
“ഐസിസി അസോസിയേറ്റ് മെമ്പർ വിമൻസ് പെർഫോമൻസ് ഓഫ് ദ ഇയർ അവാർഡ് നേടിയത് യുഎഇ ക്രിക്കറ്റിന് അഭിമാന നിമിഷമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഞങ്ങൾ പ്രത്യേക ഊന്നൽ നൽകിയിരുന്നു. ആ ശ്രമങ്ങൾ ഇപ്പോൾ ഫലം കണ്ടുതുടങ്ങിയത് സന്തോഷകരമാണ്, ”എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബാഷ്ഷിർ ഉസ്മാനി പറഞ്ഞു.
മലേഷ്യയിൽ നടന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ മുഴുവൻ മത്സരത്തിലും തോൽവിയറിയാതെ ഞങ്ങളുടെ ടീം വിജയിച്ചു. ഞങ്ങളുടെ നിലവിലെ ക്യാപ്റ്റൻ ഇഷ ഓസ ടൂർണമെൻ്റിൽ അസാധാരണമായ പ്രകടനമാണ് നടത്തിയത്. ഈ പെൺകുട്ടികൾ നടത്തുന്ന കഠിനാധ്വാനവും പരിശീലനവുമാണ് ഈ വിജയം സാധ്യമാക്കിയത്. “എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് രാജ്യത്തുടനീളമുള്ള വനിതാ ക്രിക്കറ്റിൻ്റെ വികസനത്തിനായി കൂടുതൽ നിക്ഷേപം തുടരും.”
വനിതാ ഏഷ്യാ കപ്പിൽ (ജൂലൈ 19-28) പങ്കെടുക്കാൻ യുഎഇ ടീം നിലവിൽ ശ്രീലങ്കയിലാണ്. ജൂലൈ 19 ന് നേപ്പാളിനെതിരെ ഗ്രൂപ്പ് എയിൽ അവർ തങ്ങളുടെ പ്രചാരണം ആരംഭിക്കും, ജൂലൈ 21 ന് വമ്പൻമാരായ ഇന്ത്യയെയും ജൂലൈ 23 ന് ശക്തരായ പാകിസ്ഥാനെയും നേരിടും. ആതിഥേയരായ ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലൻഡ്, മലേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും.
യു.എ.ഇ ദേശീയ വനിതാ ടീമിൽ 15 കളിക്കാരും വിദേശികളാണ്. മലയാളികളായ മൂന്ന് സഹോദരികളും യുഎഇ ടീമിലുണ്ട്. ഇവർ മൂന്ന് പേരും വയനാട് സ്വദേശികളാണ് എന്നതാണ് പ്രത്യേകത. സുൽത്താൻ ബത്തേരി സ്വദേശികളായ റിതികയും, റിനിതയും, റിഷിതയും യുഎഇ ടീമിലെ അംഗങ്ങൾ. മലയാളി ക്രിക്കറ്റ് താരം മിന്നുമണിയ്ക്കും സജ്നയ്ക്കും ശേഷം മൂന്ന് മലയാളി പെൺകുട്ടികൾ കൂടി ദേശീയ ടീമിൽ കളിക്കുന്നുവെന്നതാണ് ഇതിലെ സന്തോഷകരമായ കാര്യം.
യുഎഇയിൽ വ്യവസായിയായ പിതാവ് രഞ്ജിത്തിൻ്റെ ശിക്ഷണത്തിലാണ് പെൺകുട്ടികളും മൂന്ന് പേരും ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ചുവടുവച്ചത്. വയനാട് ജില്ലാ ക്രിക്കറ്റ് ടീം മുൻ അംഗമായ അച്ഛൻ രജിത്തിന് തുടക്കത്തിൽ മക്കൾ ക്രിക്കറ്റ് തന്നെ കരിയറായി തിരഞ്ഞെടുത്തതിൽ ആദ്യം ആശങ്കയുണ്ടായെങ്കിലും പിള്ളേര് കളിച്ചു കേറിയതോടെ എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്. ബാഡ്മിൻ്ണിൽ താത്പര്യം ഉണ്ടായ മക്കളെ കോവിഡ് കാലത്തിന് ശേഷമാണ് രജിത്ത് ക്രിക്കറ്റ് പിച്ചിലേക്ക് ഇറക്കുന്നത്.
മൂന്ന് സഹോദരിമാരിൽ ഓൾറൗണ്ടറായി തിളങ്ങുന്ന മൂത്ത മകൾ റിതിക ബാഡ്മിൻ്ൺ വേൾഡ് ഫെഡറേഷൻ പ്രായം കുറഞ്ഞ അമ്പയറും ലെവൽ-1 കോച്ചുമാണ്. ഡമാക്കിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന റിതികയാണ് സഹോദരിമാരുടെ ക്രിക്കറ്റ് ഗുരു. റിനിത ബാറ്റിങ്ങിലാണ് കരുത്ത് തെളിയിക്കുന്നത്. കൂട്ടത്തിൽ ഇളയവളായ റിഷിതയാകട്ടെ ഒരു അസാധ്യ ബൌളറും. യുഎഇയ്ക്ക് വേണ്ടി ഒരു ട്രോഫി ഉയർത്തുക എന്നതാണ് സഹോദരിമാരുടെ സ്വപ്നം. ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടി നാടിനുവേണ്ടി കളിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.