ബിൽകിസ് ബാനു കൂട്ടാബലാത്സംഗകസിലെ 11 പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകിയതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഉടൻ പരിഗണിക്കും. പ്രതികൾക്ക് ഇളവ് അനുവദിച്ചതിനെതിരെ സി പി ഐ (എം )പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണാമൂൽ കോൺഗ്രസ് എം പി മുഹുമ മൊയ്ത്ര തുടങ്ങിയവരും മറ്റൊരു വ്യക്തിയും നൽകിയ പൊതു താല്പര്യ ഹർജിയാണ് പരിഗണിക്കുന്നത്.
പ്രതികൾക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചതിനെതിരെ ഹർജി നൽകിയവരുടെ അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, അപർണ ഭട്ട് എന്നിവർ നൽകിയ നിവേദനങ്ങൾ എൻ വി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. ” കോടതി ഉത്തരവിനെയല്ല, മറിച്ച് പ്രതികൾക്ക് നൽകിയ ഇളവിനെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നതെന്ന് കപിൽ സിബൽ പറഞ്ഞു. എന്ത് അടിസ്ഥാനത്തിൽ ആണ് ഇളവ് അനുവദിച്ചതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
2008 ജനുവരി 21 ന് മുംബൈയിലെ പ്രത്യേക സി ബി ഐ കോടതി കേസിലെ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മുംബൈ ഹൈകോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു. അതേ സമയം ഓഗസ്റ്റ് 15 ന് റിമിഷൻ പോളിസി പ്രകാരം ഗുജറാത്ത് സർക്കാർ 11 പ്രതികളെയും മോചിപ്പിച്ചിരുന്നു. ഇവരെ മധുരപലഹാരങ്ങളും ഹാരവും നൽകി സ്വീകരിക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
2002 മാർച്ച് 3 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗോദ്ര ട്രെയിൽ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വർഗീയ അക്രമം നടന്ന സാഹചര്യത്തിലാണ് അന്ന് ഗർഭിണിയായിരുന്ന 20 വയസ്സുകാരി ബിൽകിസ് ബാനുവിനെ ഒരു കൂട്ടം പേർ കൂട്ട ബലാത്സംഗം ചെയ്തത്. ബിൽകിസിന്റെ മൂന്ന് വയസുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരെ ജനക്കൂട്ടം മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 15 വർഷത്തിലേറെ ജയിൽ വാസം അനുഭവിച്ചതിന് ശേഷമാണ് തടവുകാരിൽ ഒരാൾ മോചനത്തിനായുള്ള അപേക്ഷയുമായി കോടതിയെ സമീപിച്ചത്. ശിക്ഷയിലെ ഇളവ് സംബന്ധിച്ച് പരിശോധിക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് നിർദേശിക്കുകയും സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.