ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി കുവൈറ്റ്. അറബ് പുരുഷ വസ്ത്രമായ ബിഷ്ത് ലോകപ്രസിദ്ധമാണ്. അറബ് ലോകത്തിന്റെ മുഖമായ ഈ നീളൻ കുപ്പായത്തിൽ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് കുവൈറ്റ്. അൽ ബാഗ്ലി എക്സിബിഷന്റെ നേതൃത്വത്തിൽ നിർമിച്ച ഈ ബിഷ്തിന് 17×16 മീറ്റര്‍ നീളമുണ്ട്.
സഹ്റയിലെ 360 മാളിലാണ് എക്സിബിഷന്റെ ഭാഗമായി ബിഷ്ത് പ്രദര്‍ശിപ്പിച്ചത്. ബിഷ്ത് കാണാൻ നിരവധി പേർ ഇപ്പോഴും എത്തുന്നുണ്ട്. 48 ദിവസമെടുത്താണ് ബിഷ്ത് തയാറാക്കിയത്. അതേസമയം നേരത്തേ സൗദി അറേബ്യ സ്ഥാപിച്ച ലോക റെക്കോഡാണ് ഇതിലൂടെ കുവൈത്ത് മറികടന്നത്. എക്സിബിഷന് ഉടമയായ റിയാദ് അൽ ബാഗ്ലിക്ക് ഗിന്നസ് ബുക്ക് ആർബിട്രേറ്റർ കെൻസി അൽ ദഫ്രാവി അൽ ബാഗ്ലി സര്‍ട്ടിഫിക്കറ്റ് കൈമാറി.
അറബ് ലോകത്ത് ഏറെ പ്രചാരമുള്ള പരമ്പരാഗത പുരുഷ വസ്ത്രമാണ് ബിഷ്ത്. ചില പ്രത്യേക അവസരങ്ങളിലാണ് ഇത് അണിയുക. സാധാരണയായി കറുപ്പ്, തവിട്ട്, ബീജ്, ക്രീം, ചാര നിറം എന്നീ കളറുകളാണ് ബിഷ്തിനുള്ളത്. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ കിരീടം നേടിയ അർജന്റീനിയൻ താരം ലയണൽ മെസ്സിയെ ഖത്തർ അമീർ ബിഷ്ത് അണിയിച്ചത് ലോകശ്രദ്ധ നേടിയിരുന്നു.