ദുബായ് : വടക്കൻ കേരളത്തിൽ യു.എ.ഇയിലേക്കുള്ള യാത്രാദുരിതത്തിന് താത്കാലിക ആശ്വാസം. കണ്ണൂർ – ഷാർജ റൂട്ടിൽ കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്. ചൊവ്വ,വെള്ളി ദിവസങ്ങളിലാകും സർവീസ് നടത്തുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി. അലോഗ് സിങ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.15-ന് എയർ ഇന്ത്യയുടെ ഐ.എക്സ് 741 വിമാനം ഷാർജയിലേക്ക് പുറപ്പെടും. യു.എ.ഇ. സമയം വൈകീട്ട് 5.35-ന് വിമാനം ഷാർജയിലെത്തും. വൈകിട്ട് 6.35-ന് ഷാർജയിൽ നിന്നുള്ള വിമാനം രാത്രി 11.50ന് കണ്ണൂരിലെത്തും. വെള്ളിയാഴ്ച രാത്രി 10.35-ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് അർധരാത്രി 12.55 ഷാർജയിലെത്തുന്ന രീതിയിലാണ് പുതിയ സർവ്വീസ്. രാത്രി പതിനൊന്ന് മണിക്ക് ഷാർജയിൽ നിന്നും പുറപ്പെടുന്ന ഐ.എക്സ് 742 വിമാനം പുലർച്ചെ 4.15ന് കണ്ണൂരിലെത്തും.
പ്രവാസി മലയാളികളുടെ യാത്രദുരിതം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ ഡിസ്ട്രിക്ട് എക്സ്പാറ്റ്സ് (വെയ്ക്) സമർപ്പിച്ച നിവേദനം സ്വീകരിച്ച് കൊണ്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് എംഡി പുതിയ സർവ്വീസ് തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. വെയ്ക് പ്രസിഡന്റ് സി.കെ. രാജഗോപാൽ, ജനറൽ സെക്രട്ടറി മുഹമ്മദ് മഹ്മൂദ്, എൽ.സി. കാസിം, ടി.പി. സുധീഷ്, അഡ്വ. ഹാഷിക്ക് തുടങ്ങിയവരാണ് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി. അലോഗ് സിങിനെ കണ്ടത്. സ്കൂൾ അവധിക്കാലവും ബലിപെരുന്നാളും കാരണം കഴിഞ്ഞ കുറച്ചു കാലമായി വിമാനയാത്രാനിരക്കിൽ വൻകുതിപ്പാണ് ഉണ്ടായത്. നാട്ടിലെത്താൻ കൊതിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് അൽപം ആശ്വാസം തരുന്നതാണ് എയർഇന്ത്യ എക്സ്പ്രസിൻ്റെ തീരുമാനം.