ഓസ്ട്രേലിയൻ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇന്ന് നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന മത്സരമായിരിക്കും ഫിഞ്ച് അവസാനമായി കളിക്കുക. മോശം ഫോമിലാണെന്നതാണ് വിരമിക്കലിനുള്ള മുഖ്യ കാരണം. അതേ സമയം ഈ വർഷത്തെ ടി20 മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റനായി ഫിഞ്ച് തുടരുമെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് സി ഇ ഒ നിക് ഹോക് ലി അറിയിച്ചു.
” അവിശ്വസനീയമായ ചില ഓർമ്മകളുള്ള യാത്രയായിരുന്നു ഇതുവരെയും . അടുത്ത ലോകകപ്പിനായി തയ്യാറെടുക്കാനും വിജയിക്കാനും ഒരു പുതിയ ക്യാപ്റ്റന് ലഭിക്കുന്ന മികച്ച അവസരമാണിത്. ഈ നിലയിലേക്കുള്ള എന്റെ യാത്രയിൽ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി “. ഫിഞ്ച് പറഞ്ഞു.
2013 ൽ മെൽബണിൽ വച്ച് നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ഫിഞ്ച്, സ്കോട്ട്ലാൻഡിനെതിരെ 148 റൺസിൽ കന്നി സെഞ്ചുറി നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച് പുരുഷ ഏകദിന ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലും 50 ഓവർ ഫോർമാറ്റിന്റെ മികച്ച വക്താവെന്ന നിലയിലും ആരോണിന്റെ മഹത്തായ സംഭാവനകളെ അഭിനന്ദിക്കുന്നുവെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് സി ഇ ഒ നിക് ഹോക് ലി വ്യക്തമാക്കി.