പശ്ചിമ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച തീരുമാനം ഓസ്ട്രേലിയ തിരുത്തി. 2018 ൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന സ്കോട്ട് മോറിസനാണ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കിയ തീരുമാനത്തെ അംഗീകരിച്ചത്. ഈ തീരുമാനത്തെയാണ് നിലവിലെ പ്രസിഡന്റായ ആന്തണി ആൽബനീസി തിരുത്തിയതായി പ്രഖ്യാപിച്ചത്.
2018 ൽ യു എസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപാണ് ഇസ്രായേലിന്റെ തലസ്ഥാനമായി ജെറുസലേമിനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തത്. മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജെറുസലേം. അമേരിക്കയുടെ വിദേശനയങ്ങളെ അപ്പാടെ തിരുത്തിക്കൊണ്ടായിരുന്നു ട്രംപ് അന്ന് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. മതവിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ ഈ നടപടി.
ഈ തീരുമാനത്തെ ഓസ്ട്രേലിയയും അംഗീകരിക്കുകയായിരുന്നു. ജെറുസലേമിന്റെ അന്തിമ പദവിയെ സംബന്ധിച്ച തർക്കം ഇസ്രായേലും പലസ്തീൻ ജനതയും തമ്മിലുള്ള സമാധാന ചർച്ചയിലൂടെയാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് തന്നെ മോറിസൺ സർക്കാരിന്റെ തീരുമാനം തിരുത്തുകയാണെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ് വ്യക്തമാക്കി. ഇസ്രായേലിലെ ഓസ്ട്രേലിയൻ എംബസി ടെൽ – അവിവിൽ തന്നെ തുടരും.