ആഭ്യന്തര വിമാന നിരക്കിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന പരിധി പിൻവലിച്ചു. ഇനി മുതൽ വിമാനകമ്പനികൾക്ക് നിരക്കുകൾ സ്വയം നിശ്ചയിക്കാം. കമ്പനികളുമായി സർക്കാർ ചർച്ച നടത്തിയതിന് ശേഷമാണ് ഈ തീരുമാനത്തിൽ എത്തിയത് .
കോവിഡ് പ്രതിസന്ധികൾ കമ്പനികൾക്ക് വെല്ലുവിളിയായിരുന്നുവെന്ന് വിമാനകമ്പനികൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനാലാണ് പുതിയ തീരുമാനം. വിമാനത്തിന്റെ ഇന്ധനവിലയും ആവശ്യകതയും നിരീക്ഷിച്ചിരുന്നു. വലിയ രീതിയിലുള്ള നഷ്ടമായിരുന്നു വിമാനകമ്പനികൾക്ക് ഉണ്ടായിരുന്നത്. പരിധി പിൻവലിച്ചതോടെ കമ്പനികൾക്ക് യാത്രക്കാരുടെ എണ്ണമനുസരിച്ച് നിരക്കുകൾ ഇനി സ്വയം തീരുമാനിക്കാൻ കഴിയും. ഓഗസ്റ്റ് 31 വരെ പഴയ നിരക്ക് തുടരുമെന്നും 31 ന് ശേഷം കമ്പനികൾക്ക് സ്വയം നിരക്ക് തീരുമാനിക്കാമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയഷൻ പറഞ്ഞു.
2020 മെയ് 25 നാണ് കേന്ദ്രസർക്കാർ വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ കുറഞ്ഞതും കൂടിയതുമായ പരിധികൾ നിശ്ചയിച്ചിരുന്നത്. ആഭ്യന്തര യാത്രയുടെ വളർച്ച വ്യോമയേന മേഖലയിലൂടെ ഉണ്ടാവുമെന്ന് വ്യോമയേന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു.