ഇടുക്കി: ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കൂടി മാറ്റാനുള്ള വനംവകുപ്പിൻ്റെ ദൗത്യം ആരംഭിച്ചു. ലക്ഷ്യമിട്ട പോലെ രാവിലെ 11.55-ഓടെ ആനയെ ദൗത്യസംഘം മയക്കുവെടി വച്ചു. വെടിയേറ്റ ആന സിമൻ്റ് പാലത്തിന് സമീപമുള്ള പുൽമേട്ടിൽ നിന്നും ചോലക്കാടിലേക്ക് മാറിയിട്ടുണ്ട്. ആനയെ പിന്തുടരുന്ന ദൗത്യസംഘം അടുത്ത അവസരത്തിൽ വീണ്ടും മയക്കുവെടി വയ്ക്കാൻ തയ്യാറെടുക്കുകയാണ്. നിലവിൽ ആന മയക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ആനയെ മയങ്ങിയാൽ ഉടൻ രണ്ട് കണ്ണുകളും തുണിയിട്ട് മൂടും.
നേരത്തെ 2017-ലും അരിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വച്ചിരുന്നുവെങ്കിലും ആനയെ അന്ന് പിടികൂടാൻ സാധിച്ചിരുന്നില്ല. ഇക്കുറി ഇത് ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് വനംവകുപ്പ്. മയക്കുവെടിയേറ്റ ആന മയങ്ങാൻ 45 മിനിറ്റെങ്കിലും വേണ്ടി വരും. ഈ ഘട്ടത്തിൽ കുങ്കിയാനകളെ ഇവിടേക്ക് എത്തിക്കും. അതേസമയം ഇതേ പ്രദേശത്ത് ചക്കക്കൊമ്പൻ എന്ന മറ്റൊരു കാട്ടുകൊമ്പൻ ചുറ്റികറങ്ങുന്നത് ഗൗരവത്തോടെയാണ് വനംവകുപ്പ് കാണുന്നത്. മയക്കുവെടിയേറ്റ അരിക്കൊമ്പന് അരികിലേക്ക് ചക്കക്കൊമ്പൻ വന്നാൽ നാല് കുങ്കിയാനകളേയും രണ്ടായി പിരിച്ച് രണ്ട് ആനകളേയും കൈകാര്യം ചെയ്യാനാണ് വനംവകുപ്പിൻ്റെ പദ്ധതി.
ഇന്ന് രാവിലെ അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെയ്ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ച് മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൌത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൌത്യം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.