മലപ്പുറം: വീഡിയോ റീച്ച് കൂട്ടാൻ മലപ്പുറം മേലാറ്റൂർ പൊലീസ് സ്റ്റേഷൻ ഗ്രാഫിക്കൽ ഇമേജ് ഉപയോഗിച്ച് തകർത്ത് റീൽസ് ചെയ്ത യുവാക്കൾ അറസ്റ്റിൽ. സ്വന്തം പൊലീസ് സ്റ്റേഷൻ തകരുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടിയ മേലാറ്റൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് യുവാക്കൾ അറസ്റ്റിലായി.
വീഡിയോ ചെയ്ത കണ്ടൻ്റ് ക്രിയേറ്ററും അതിൽ അഭിനയിച്ചവരും അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരുടെ വീഡിയോ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും വൈറലായിരുന്നു. മലയാള സിനിമയായ അൻവറിലെ ചില ഡയലോഗുകൾ എടുത്താണ് യുവാക്കൾ റിലീസ് ചെയ്തത്. പൊലീസിനെതിരായ ഈ ഡയലോഗുകളുടെ കൂടെയാണ് ഒറിജിനൽ പൊലീസ് സ്റ്റേഷനിൽ ഗ്രാഫിക്കലായി യുവാക്കൾ സ്ഫോടനം നടത്തിയത്.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് റിയാസും സുഹൃത്തുകളുമാണ് സംഭവത്തിൽ അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ അപകീർത്തിപ്പെടുത്തിൽ, ലഹള സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.