രാജസ്ഥാനില്‍ കൈക്കൂലി കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ചിട്ടി ഫണ്ട് വിഷയത്തില്‍ കേസ് എടുക്കാതിരിക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതിനാണ് രാജസ്ഥാന് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തത്. ഇഡി ഉദ്യോഗസ്ഖര് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് എ.സി.ബി അറിയിച്ചു.
മണിപ്പൂരിലെ ഇംഫാലില്‍ ഇ.ഡി ഉദ്യോഗസ്ഥനായ നവല്‍ കിഷോര്‍ മീണ, കുളട്ടാളി ബാബുലാല്‍ മീണ എന്നിവരാണ് അറസ്റ്റിലായത്. മീണ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയ്പൂരിലെ എ.സി.ബി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡോ രവിയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്.
ചിട്ടി അഴിമതികേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയുന്നതിനും കേസ് തള്ളുന്നതിനും സ്വന്ത് കണ്ടുകെട്ടുന്നതിനും പകരമായിട്ടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതെന്ന് അഴിമതി വിരുദ്ധ ബ്യൂറോയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും ജയ്പൂര്‍ എ.സി.ബി ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസുമായി ബന്ധപ്പെട്ട് എസിബി പലയിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. രാജസ്ഥാനില്‍ ഇഡി പരിശോധനകള്‍ നടക്കുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ്.