ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ മുഖ്യപത്രി അഖില്‍ സജീവ് പൊലീസിന്റെ പിടിയില്‍. തമിഴ്നാട്ടിലെ തേനിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളിലെ പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിനെ പത്തനംതിട്ടയിലെത്തിക്കുകയും ചെയ്തു.
നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ അഖില്‍ സജീവ് ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് തേനിയിലേക്കും കടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
2021ലും 2022ലുമായി അഖില്‍ സജീവിനെതിരായി രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസ് മുന്‍ സെക്രട്ടറിയാണ്. സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ പേരില്‍ കേരള ബാങ്കില്‍ നിക്ഷേപിച്ച 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ട് വര്‍ഷം മുമ്പ് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.