ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നത് വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഇന്ത്യ മത രാഷ്ട്രമല്ലെന്നും ഇവിടെ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ഷംസീര്‍ മലപ്പുറത്ത് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന തുടങ്ങുന്നത് ‘നമ്മള് ഇന്ത്യയിലെ ജനങ്ങള്‍’ എന്ന അഭിസംബോധനയോടെയാണ്. ഇന്ത്യ സെകുലര്‍ രാജ്യമാണ്. സെകുലര്‍ എന്ന വാക്കിന്റെ അര്‍ത്ഥം മതനിരാസം എന്നല്ല, മതനിരപേക്ഷത എന്നാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയില്‍ ക്ലാസ് മുറികളില്‍ ഭരണഘടന പഠിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
ശക്തമായ മതനിരപേക്ഷവാദിയാവുക എന്നതാണ് ആധുനിക കേരളത്തില്‍ നമ്മള് എടുക്കേണ്ട പ്രതിജ്ഞ. രാജ്യത്ത് പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ മറവില്‍ നടക്കുന്നത് കാവി വല്‍ക്കരണമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത സംഭാവനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ചരിത്രത്തെ വക്രീകരിക്കുന്ന ഇന്ത്യയില്‍ എന്താണ് വസ്തുത എന്ന് പഠിപ്പിക്കേണ്ട കാലമാണ് ഇത്. ഭരണഘടനയുണ്ടായത് ഒരു സുപ്രഭാതത്തിലല്ല. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം സംവാദവും ചര്‍ച്ചയും വിയോജിപ്പുമാണ് എന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തെ പ്രചരിപ്പിക്കണം എന്നത് മതത്തെ തള്ളിപ്പറയല്‍ അല്ല. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രതിജ്ഞയാണ് ഓരോ കുട്ടിയും എടുക്കേണ്ടതെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു.