ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഗസയിലേക്കുള്ള ഇസ്രയേല്‍ അധിനിവേശം അബദ്ധമാകുമെന്ന് ജോ ബൈഡന് വ്യക്തമാക്കി. ഗസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാന്‍ അമേരിക്ക ഇടപെടുമെന്നും ജോ ബൈഡന് പറഞ്ഞു.
സിബിഎസ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്. ഹമാസ് പ്രകടമാക്കുന്ന ഭീകര വാദത്തിന്റെ പേരില്‍ പലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ല. പലസ്തീന് സ്വതന്ത്ര രാഷ്ട്രമാകണമെന്നും ബൈഡന് അഭിപ്രായപ്പെട്ടു.
അതേസമയം ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ 2670 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 600 ലേറെ പേര് കുട്ടികളാണ്. 9600 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1400 ഇസ്രയേലികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഗസയില്‍ ഇസ്രയേല്‍ നിര്‍ദേശമനുസരിച്ച് വീട് വിട്ട അഭയാര്‍ത്ഥികള്‍ക്കെതിരെയും വ്യോമാക്രമണം ഉണ്ടായിരുന്നു. ഗസയിലെ ആശുപത്രികളില്‍ ഇന്ധനം അടക്കമുള്ളവയുടെ കരുതല്‍ ശേഖരം അടുത്ത 24 മണിക്കൂറിനകം തീരുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്രയേലി ആക്രമണം. ഗസയില്‍ വലിയ രീതിയിലുള്ള മാനുഷിക ദുരന്തമാണ്. സൃഷ്ടിച്ചിരിക്കുന്നതെന്ന് പലസ്തീന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്‍ വര്‍ക്ക് ആന്‍ഡ് റിലീഫ് ഏജന്‍സിയും ആരോപിച്ചിട്ടുണ്ട്.