ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവുമായി ബന്ധമില്ലെന്ന് പിടിയിലായ അഖില്‍ സജീവ്. പ്രാഥമിക ചോദ്യംചെയ്യലിലാണ് അഖില്‍ സജീവ് ഇക്കാര്യം പറഞ്ഞത്.
പരാതിക്കാരനായ ഹരിദാസിനെ നേരില്‍ കണ്ടിട്ടില്ല. ലെനില്‍, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നത്. നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും അഖില്‍ സജീവ് മൊഴി നല്‍കിയിട്ടുണ്ട്.
ബാസിതും റഹീസും നിര്‍ദേശിച്ചതനുസരിച്ചാണ് ഹരിദാസനെ ഫോണില്‍ ബന്ധപ്പെട്ടത്. ഇയാളെ നേരില്‍ കണ്ടിട്ടില്ല.
കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കൈയ്യില്‍ പണമില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകര്‍ന്നുവെന്നും അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞു.
എന്നാല്‍ അഖില്‍ സജീവിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നിയമന കോഴക്കേസില്‍ കന്റോണ്‍മെന്റ് പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കന്റോണ്‍മെന്റ് പൊലീസിന് കൈമാറും ചെന്നൈ പൊലീസിന്റെ സൈബര്‍ വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് തേനിയില്‍ നിന്ന് പ്രതിയെ കണ്ടെത്തിയത്.