എയർ ഇന്ത്യ വിമാനത്തിലെ എഞ്ചിനിൽ ഇന്ധനച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോക്ഹോമിൽ അടിയന്തരിമായി വിമാനം ഇറക്കി. യുഎസിലെ നെവാർകിൽനിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഇന്ധന ചോർച്ച കണ്ടെത്തുകയായിരുന്നു.
ബോയിംങ് 777-300ഇആർ വിമാനത്തിന്റെ എൻജിനിൽ ഇന്ധനചോർച്ചയുണ്ടായതായി ഡി.ജി.സി.എ അധികൃതർ സ്ഥിരീകരിച്ചു. അതേസമയം അപ്രതീക്ഷിതമായുണ്ടായ അടിയന്തര സാഹചര്യം നേരിടാൻ സ്റ്റോക്ഹോം വിമാനത്താവളത്തിൽ നിരവധി അഗ്നിശമന വാഹനങ്ങളും തയ്യാറായിരുന്നു. 300 യാത്രക്കാരാണ് എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനം സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയതായും യാത്രക്കാർ സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിങ്കളാഴ്ച എയർ ഇന്ത്യയുടെ ന്യൂയോർക്ക്-ഡൽഹി വിമാനവും ലണ്ടനിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു.