തിരുവനന്തപുരം: പാർട്ടിയെ ഒന്നടങ്കം പ്രതിരോധത്തിലാക്കുന്ന എസ് എഫ്ഐ നേതൃത്വത്തെ നിയന്ത്രിക്കാനൊരുങ്ങി സിപിഎം. തുടർച്ചയായി വിവാദങ്ങളിലേക്ക് പാർട്ടിയെ വലിച്ചിഴക്കുന്നതിന് പിന്നാലെയാണ് നേതൃത്വം ഇടപെടുന്നത്. സംഘടനയെ കർശനമായി നിരീക്ഷിക്കണമെന്ന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി.
പാർട്ടിയിലെ ചില നേതാക്കൾ സംഘടനയ്ക്കൊപ്പമാണെങ്കിലും ഭൂരിപക്ഷം പേർക്കും നിലവിലെ പോക്കിൽ കടുത്ത അതൃപ്തിയുണ്ട്. തിരുത്തൽ നടപടികൾ ഉടൻ ആരംഭിക്കണമെന്ന പൊതുവികാരം കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. നിലവിലെ സാഹചര്യത്തിൽ എസ്എഫ്ഐയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്.
പ്രാദേശിക തലത്തിൽ നടക്കുന്ന വിഷയങ്ങളിൽ പാർട്ടി ഇടപെടണമെന്നും നിയമവിരുദ്ധ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിർദേശമുണ്ട്. ഓരോ ജില്ലായിലെയും വിദ്യാർത്ഥി സംഘടനാ വിഷയങ്ങൾ നേതൃത്വത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്.കൂടുതൽ വിദ്യാർത്ഥികളെ സംഘടനയിലേക്ക് ആകർഷിക്കും വിധം പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും നിർദേശമുണ്ട്