കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തെ പൂർണമായി കൈവിട്ട് എയർഇന്ത്യ. കരിപ്പൂർ – മുംബൈ സർവ്വീസാണ് ഏറ്റവും അവസാനം എയർഇന്ത്യ നിർത്തിയത്. 1988-ൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ആദ്യഘട്ടത്തിൽ തുടങ്ങി കഴിഞ്ഞ 36 വർഷമായി തുടരുന്ന മുംബൈ സർവ്വീസാണ് എയർഇന്ത്യ ഇപ്പോൾ അവസാനിപ്പിക്കുന്നത്.
മാസങ്ങൾ മുൻപ് കോഴിക്കോട് നിന്നുള്ള ഡൽഹി, ദുബായ്, ഷാർജ സർവ്വീസുകളും എയർഇന്ത്യ അവസാനിപ്പിച്ചിരുന്നു. മുംബൈ സർവ്വീസ് നിർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമൊന്നും എയർഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നാൽ നിലവിൽ ജൂൺ 14 വരെ മാത്രമാണ് ടിക്കറ്റ് ബുക്കിംഗ് കാണിക്കുന്നത്. എയർഇന്ത്യ സർവ്വീസുകൾ അവസാനിപ്പിക്കുമ്പോൾ പകരം എയർഇന്ത്യ എക്സ്പ്രസ്സ് ഈ റൂട്ടുകളിൽ പകരം സർവ്വീസ് നടത്തുമെന്നാണ് എയർ ഇന്ത്യ അധികൃതർ പറഞ്ഞെങ്കിലും പകരം സർവ്വീസുകളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.
എയർ ഇന്ത്യ സർവ്വീസ് നിർത്തുന്നതോടെ ജൂൺ 15 മുതൽ കോഴിക്കോട് – മുംബൈ സെക്ടറിൽ നേരിട്ടുള്ള സർവ്വീസ് ഇൻഡിഗോയുടേത് മാത്രമാകും. മുംബൈയിലെത്തി വിവിധ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്ളൈറ്റെടുക്കുന്ന പല വ്യാപാരികൾക്കും പ്രവാസികൾക്കും ഇതു തിരിച്ചടിയാവും.