മനാമ: മലപ്പുറം സ്വദേശിയായ പ്രവാസി ബഹ്റൈനിലെ ഹാജിയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു ജയൻ വേലായുധനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയമുണ്ട്. ഹാജിയത്തിൽ പലചരക്കുകട നടത്തുകയായിരുന്നു.
ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ബഹ്റൈനിലുള്ള സുഹൃത്തുകളെ വിവരം അറിയിക്കുകയായിരുന്നു. ഹാജിയത്തിലെ ജയൻ്റെ കടയിൽ ചെന്നപ്പോൾ കടയുടെ ഷട്ടർ തുറന്ന നിലയിലായിരുന്നുവെങ്കിലും അദ്ദേഹത്തെ അവിടെ കണ്ടെത്താനായില്ല. ജയൻ്റെ താമസസ്ഥലത്തും സുഹൃത്തുകൾ അന്വേഷിച്ചു ചെന്നുവെങ്കിലും അവിടെയും ആളുണ്ടായില്ല. ഇതോടെ സുഹൃത്തുകൾ ജയൻ്റെ സ്പോണ്സറെ ബന്ധുപ്പെടുകയും സ്പോണ്സർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
തുടർന്ന് പൊലീസും കൂടി ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹാജിയത്തിലെ ഒരു ഫ്ളാറ്റിൽ ജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ഫ്ളാറ്റിലായിരുന്നു നേരത്തെ ജയനും കുടുംബവും താമസിച്ചിരുന്നത്. ജയൻ്റെ ഭാര്യ അമൃതയും മകനും നാട്ടിലാണുള്ളത്. സാമ്പത്തിക ബാധ്യതകൾ കാരണം ജയൻ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം നാട്ടിലെത്തിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈനും സ്പോണ്സറും ചേർന്ന് ശ്രമം തുടങ്ങിയിട്ടുണ്ട്.