ദുബായ്: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ഗൾഫ് സെക്ടറിൽ സാന്നിധ്യം വിപുലപ്പെടുത്താനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്സ്. രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് ഗൾഫ് സെക്ടറിൽ നിന്നും സർവ്വീസ് തുടങ്ങാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ എയർഇന്ത്യ എക്സ്പ്രസ്സ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് വ്യക്തമാക്കി.
സൌദിയിലേക്കുള്ള സർവ്വീസുകൾ വിപുലപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ബഹ്റൈൻ, ഖത്തർ, യുഎഇ സെക്ടറുകളിലും അധിക സർവ്വീസുകൾ ആരംഭിക്കും. യുഎഇ – കേരള സെക്ടറിൽ നിലവിൽ എയർഇന്ത്യ എക്സ്പ്രസ്സിന് ശക്തമായ സാന്നിധ്യമുണ്ട്. ഇതോടൊപ്പം കണ്ണൂരിൽ നിന്നും കൂടി കൂടുതൽ സർവ്വീസുകൾ തുടങ്ങാനാണ് തീരുമാനം – അലോക് സിംഗ് പറയുന്നു. ദുബായ് എയർഷോയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആണ് ബജറ്റ് കാരിയർ കമ്പനിയുടെ എംഡി ജിസിസിയുമായി ബന്ധപ്പെട്ട ഭാവിപരിപാടികളെക്കുറിച്ച് പറഞ്ഞത്.
നിലവിൽ ദുബായിലേക്ക് 80 സർവ്വീസുകളും ഷാർജയിലേക്ക് 77 സർവ്വീസുകളും അബുദാബിയിലേക്ക് 31 സർവ്വീസുകളും റാസ് അൽ ഖൈമയിലേക്ക് അഞ്ച് സർവ്വീസുകളും അൽ ഐനിലേക്ക് രണ്ട് സർവ്വീസുകളും എയർഇന്ത്യ എക്സ്പ്രസ്സ് ഇന്ത്യയിൽ നിന്നും നടത്തുന്നുണ്ട്. ഗൾഫ് സെക്ടറിലാകെ ആഴ്ചയിൽ 308 സർവ്വീസുകളാണ് കമ്പനിയുടേതായി ഉള്ളത്.
എയർഇന്ത്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ യുഎഇ സെക്ടറിൽ കമ്പനി സർവ്വീസുകൾ വർധിപ്പിച്ചിരുന്നു. സൂറത്ത് – ഷാർജ, ഇൻഡോർ – ദുബായ്, ദില്ലി – ഷാർജ, ഗോവ – ദുബായ് റൂട്ടുകളിലാണ് കമ്പനി പുതുതായി സർവ്വീസ് ആരംഭിച്ചത്. അതിവേഗം വളരുകയാണ് ഇന്ത്യൻ വ്യോമയാന വിപണി. വരും വർഷങ്ങളിൽ ആഭ്യന്തര സർവ്വീസുകളിൽ വലിയ കുതിച്ചു ചാട്ടമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ജിസിസി, സൌത്ത് ഏഷ്യ, സൌത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ മേഖലകളിലും സാന്നിധ്യം ശക്തമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. മെട്രോ നഗരങ്ങൾ കൂടാതെ രാജ്യത്തെ ടയർ ടു, ടയർ ത്രീ നഗരങ്ങളിലേക്കും കൂടുതൽ സർവ്വീസുകൾ തുടങ്ങാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് – അലോക് സിംഗ് വ്യക്തമാക്കി.