റാസൽഖൈമ: റാസൽഖൈമയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ അറേബ്യ സർവ്വീസിന് തുടക്കമായി. കന്നി സർവ്വീസ് തന്നെ ഹൗസ് ഫുള്ളായത് ഈ സർവ്വീസ് പ്രവാസികൾക്ക് എത്രത്തോളം ആവശ്യമായിരുന്നുവെന്നതിന് തെളിവായി മാറി.
റാസൽഖൈമ വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ റാക് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി സർവ്വീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ബുധൻ, വെള്ളി,ഞായർ ദിവസങ്ങളിലാണ് ഈ സർവ്വീസ്. റാസൽഖൈമയിൽ നിന്നും കേരളത്തിലേക്ക് പത്ത് വിമാനങ്ങൾക്ക് സർവ്വീസ് നടത്താനുള്ള അനുമതി കിട്ടിയിട്ടുണ്ടെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി അറിയിച്ചു.
ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് 2.55ന് റാസൽഖൈമയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10 കരിപ്പൂർ വിമാനത്താവളത്തിൽ എത്തും. 8.25-ന് കോഴിക്കോട് നിന്നും തിരികെ പുറപ്പെടുന്ന വിമാനം രാത്രി 11.25-ന് റാസൽ ഖൈമയിൽ തിരിച്ചെത്തും. ഞായറാഴ്ച ദിവസം രാവിലെ 10.55-ന് റാസൽഖൈമയിൽ നിന്നും പുറപ്പെട്ട് 4.10-ന് കോഴിക്കോട് എത്തുന്ന വിമാനം 4.50-ന് തിരികെ പുറപ്പെട്ട് 7.25-ന് റാസൽ ഖൈമയിൽ തിരിച്ചെത്തും.