ദുബായ്: അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ് പിജെഎസ്സിയുടെ (ഡിഎഫ്എം: അലൻസാരി) ഫിൻടെക് വിഭാഗമായ അൽ അൻസാരി ഡിജിറ്റൽ പേ, സ്റ്റോർഡ് വാല്യൂ ഫെസിലിറ്റി (എസ്വിഎഫ്), റീട്ടെയിൽ പേയ്മെന്റ് സർവീസസ് ആൻഡ് കാർഡ് സ്കീമുകൾ (ആർപിഎസ്സിഎസ്) ലൈസൻസുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) അംഗീകാരം നൽകി. ക്യാഷ്ലെസ് ഇക്കോണമി എന്ന യുഎഇ നയത്തിലേക്കും സ്വപ്നത്തിലേക്കും പുതിയൊരു കാൽവയ്പ്പാണിതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.
എസ്വിഎഫ് ലൈസൻസ് ഉപയോഗിച്ച്, അൽ അൻസാരി ഡിജിറ്റൽ പേ ഉപയോക്താക്കൾക്ക് ഡിജിറ്റൽ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ഫണ്ടുകൾ ഡിജിറ്റലായി കൈകാര്യം ചെയ്യാം. ആർപിഎസ്സിഎസ് ലൈസൻസ് ലഭിക്കുന്നതോടെ കമ്പനിക്ക് പ്രീപെയ്ഡ് കാർഡുകൾ നൽകാനും,മെർച്ചൻ്റെ പേയ്മെന്റുകൾ സുഗമമാക്കാനും, ഓൺലൈൻ, റീട്ടെയിൽ ബിസിനസുകൾ വിപുലപ്പെടുത്താനുമാവും.
വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഒരു പോലെ ഉപകാര പ്രദമായ അൽ അൻസാരി വാലറ്റ് 2025 ലെ രണ്ടാം പാദത്തിൽ പുറത്തിറങ്ങും. മൈക്രോ ഫിനാൻസിംഗ് അടക്കം വിപുലമായ സംവിധാനങ്ങളും സാധാരണക്കാർക്കും ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കാൻ സഹായിക്കുന്നതുായിരിക്കും അൽ അൻസാരി വാലറ്റ്.
യുഎഇയിലെ ഡിജിറ്റൽ പേയ്മെന്റുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഈ പുതിയ സംരംഭം ഞങ്ങളെ സഹായിക്കും – അൽ അൻസാരി ഫിനാൻഷ്യൽ സർവീസസിലെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ മുഹമ്മദ് ബിതാർ പറഞ്ഞു. “സാമ്പത്തിക രംഗം വികസിക്കുമ്പോൾ, ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, നാളത്തെ ആവശ്യങ്ങൾ മുൻകൂട്ടി കാണുകയും ചെയ്യുന്ന അത്യാധുനിക സാങ്കേതികവിദ്യയും നൂതന പരിഹാരങ്ങളും സംയോജിപ്പിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”
അൽ അൻസാരി ഡിജിറ്റൽ പേ ആദ്യ വർഷത്തിൽ 12 ദശലക്ഷം ദിർഹത്തിന്റെ മൊത്തം വരുമാനം ലക്ഷ്യമിടുന്നു, മൂന്നാം വർഷത്തോടെ 67% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ലക്ഷ്യമിടുന്ന ഗണ്യമായ വളർച്ചാ പാതയാണിത്. അൽ അൻസാരി വാലറ്റ് സേവന ഓഫറുകൾ അൽ അൻസാരി ഫിനാൻഷ്യൽ സർവീസസ് ബിസിനസുകളുടെ ഉൽപ്പന്ന സ്യൂട്ടിനെ പൂരകമാക്കും.