ഗുസ്തി താരങ്ങള്‍ നടത്തിവരുന്ന സമരത്തില്‍ ഏത് വിധേനയുള്ള സഹായവും ചെയ്യുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന് എഡിറ്റോറിയലിനോട്.
ഗുസ്തി താരങ്ങളുമായി കര്‍ഷകര്‍ നിരന്തരമായി ഇടപെടുന്നുണ്ടെന്നും എല്ലാ കര്‍ഷക സംഘടനകളും ഗുസ്തി താരങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും വിജൂ കൃഷ്ണന് വ്യക്തമാക്കി. മെയ് 28ന് ഗുസ്തി താരങ്ങള്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ ഒന്നാം തീയതി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും വലിയ രീതിയില്‍ പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹിളാ സംഘടനകള്‍, യുവാക്കളുടെ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, ഇവരെയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് സമരം മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനിക്കുന്നതെന്നും വിജൂ കൃഷ്ണന് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരത്തിന് തുടക്കം മുതല്‍ കര്‍ഷക സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചിലും ഇവരെ പിന്തുണച്ച് കര്‍ഷക സംഘടനകളും എത്തിയിരുന്നു.
ഗുസ്തി താരങ്ങള്‍ മെഡല്‍ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ചത് കര്‍ഷക നേതാക്കള്‍ ഇടപെട്ടുകൊണ്ടാണ്. അഞ്ച് ദിവസത്തെ സാവകാശം പ്രതീക്ഷിച്ചാണ് ഗുസ്തി താരങ്ങള്‍ താത്കാലികമായി മെഡല്‍ ഗംഗയില്‍ ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.
സമരം വരും ദിവസങ്ങളിലും ശക്തമാക്കുമെന്നും ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഗുസ്തി താരങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം ഇതുവരെയും ഗുസ്തി താരങ്ങളുടെ സമരത്തെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
വിജൂ കൃഷ്ണന്റെ വാക്കുകള്‍
അഖിലേന്ത്യാ കിസാന്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങി കര്‍ഷക സംഘടനകളെല്ലാം ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കര്‍ഷകരും ഗുസ്തി താരങ്ങളും തമ്മില്‍ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. 28-ാം തീയതി നടന്ന സംഭവത്തിനെതിരെ പ്രതിഷേധിച്ച് ജൂണ്‍ ഒന്നാം തീയതി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും വലിയ രീതിയില്‍ പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനം എടുത്തിട്ടുണ്ട്.
അഞ്ചാം തീയതി ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെ പിന്തുണച്ച് അയോധ്യയില്‍ ഒരു പരിപാടി ആര്‍എസ്എസുകാരും മറ്റും ചേര്‍ന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. അന്നും അതിനെതിരെ പ്രതിഷേധം കൊണ്ടുവരാനും ഈ സമരങ്ങള്‍ കൂടുതല്‍ ശക്തിയോടെ കൊണ്ട് പോകാനുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ട്രേഡ് യൂണിയനുമായിട്ട് ചര്‍ച്ച നടക്കുന്നുണ്ട്. അവരും അതിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മഹിളാ സംഘടനകള്‍, യുവാക്കളുടെ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, ഇവരെയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് സമരം മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനിക്കുന്നത്. ഗുസ്തി താരങ്ങള്‍ എന്ത് സമര പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ചയും മറ്റു കര്‍ഷക സംഘടനകളും അവര്‍ക്കൊപ്പം ഉണ്ടാകും. അതില്‍ ഏത് വിധത്തില്‍ സഹായം ആവശ്യമാണോ അത് കര്‍ഷക സംഘടനകള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യും.