ഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികൾ നൽകിയ പ്രത്യേക അനുമതി ഹർജികളിലും അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കെ. കെ. രമ ഉൾപ്പടെയുള്ള എതിർകക്ഷികൾക്കുമാണ് നോട്ടീസ് അയച്ചത്. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചു.ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ ഹരജിയിലാണ് സുപ്രിംകോടതി നടപടി.
ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം.ജസ്റ്റിസ് മാരായ ബേല എം. ത്രിവേദി, എസ്. സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവാളികൾ ഫയൽചെയ്ത പ്രത്യേക അനുമതിഹർജികളും അപ്പീലുകളും പരിഗണിച്ചത്.
വിശദമായി കേൾക്കേണ്ട കേസാണിതെന്ന് ഹർജി പരിഗണയ്ക്ക് എടുത്തപ്പോൾത്തന്നെ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ബേല എം. ത്രിവേദി ചൂണ്ടിക്കാട്ടി. തുടർന്നാണ് നോട്ടീസ് അയച്ചത്.