സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷവും യുഎഇയില്‍ തുടരുന്നവര്‍ക്കെതിരേ നടപടിയ്ക്കൊരുങ്ങി ഏജൻസികൾ. ഇത്തരത്തിൽ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്കെതിരെ ഒളിച്ചോട്ട കേസുകൾ ഫയല്‍ ചെയ്യുന്നത് വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഇവർക്കെതിരെ ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരുമാണ് കാലതാമസമില്ലാതെ കേസുകൾ ഫയല്‍ ചെയ്യുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വിസ കാലാവധി കഴിഞ്ഞവർ അഞ്ച് ദിവസത്തിനകം രാജ്യം വിടണം. ഇല്ലെങ്കിൽ അധികതാമസക്കാരെന്ന നിലയിൽ ഇവരെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തും. കൂടാതെ യു എ ഇയിലേക്കോ മറ്റ് ജിസിസി രാജ്യങ്ങളിലേക്കോ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് ചില ഏജന്റുമാർ പറഞ്ഞു.
വിസ കാലാവധി അവസാനിച്ച് ഒരു ദിവസം കഴിഞ്ഞാൽ പോലും അത് ഒളിച്ചോട്ട പരിധിയില്‍ വരുമെന്നാണ് ഏജന്റുമാർ നൽകുന്ന മുന്നറിയിപ്പ്. അതേസമയം കാലാവധി കഴിയുന്നതിന് മുൻപ് വിസ പരിധി നീട്ടുകയോ സമയപരിധിക്കുളളില്‍ തന്നെ രാജ്യം വിടുകയൊ ചെയ്യണമെന്ന് ഏജന്റുമാര്‍ അറിയിച്ചു. എന്നാൽ ഇത് ഇമിഗ്രേഷൻ അധികാരികളുടെ വിശദീകരണം അല്ലെന്നും അവർ വ്യക്തമാക്കി.
ഏജന്റുമാരുടെ സ്പോൺസർഷിപ്പിന് കീഴിലാണ് യു എ ഇ യിലേക്ക് സന്ദർശന വിസയിലെത്തുന്നവർ വരുക. ഇത്തരത്തിൽ എത്തുന്നവർ വിസ കാലാവധി കഴിഞ്ഞും തുടരുകയാണെങ്കില്‍ ഏജന്റുമാര്‍ നിയമ നടപടികൾ നേരിടേണ്ടി വരും. അധിക പിഴ അടയ്ക്കുകയും വേണം. കൂടാതെ ഏജന്‍സികളുടെ വിസ അപേക്ഷാ പോർട്ടലുകളും ബ്ലോക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
എന്നാൽ, അനധികൃതമായി താമസിക്കുന്നതിനുള്ള അധിക പിഴ സന്ദര്‍ശകനില്‍ നിന്ന് ഈടാക്കുമെന്ന് ഏജന്‍സികൾ പറഞ്ഞു. കൂടാതെ ഓവർസ്റ്റേ ചെയ്യുന്നതിന് ഏർപ്പെടുത്തുന്ന പിഴയുടെ തുക വര്‍ദ്ധിച്ചതും അധികമായി താമസിക്കുന്ന ഒരാൾക്ക് പിഴയ്ക്കൊപ്പം രാജ്യം വിടാനുള്ള ഔട്ട്പാസ് വേണമെന്നതും ഏജന്‍സികൾക്ക് ഭാരമായി മാറുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടികൾ സ്വീകരിക്കുന്നതെന്നും ഏജന്റുകൾ കൂട്ടിച്ചേർത്തു.